മധ്യപ്രദേശിലെ ഖനിയില്‍ നിന്നും ആദിവാസി തൊഴിലാളി കണ്ടെടുത്തത് 60 ലക്ഷം വിലമതിക്കുന്ന വജ്രം

മധ്യപ്രദേശിലെ ബുന്ദേൽഖണ്ഡ് മേഖലയിലെ ലോകപ്രശസ്തമായ പന്ന വജ്ര ഖനിയില്‍ നിന്നാണ് മുലായത്തിന് വജ്രം കിട്ടിയത്

Update: 2021-12-08 07:44 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഭാഗ്യം ഏത് രൂപത്തില്‍ എങ്ങനെ വരുമെന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ല. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും ജീവിതമാകെ മാറിമറിയുന്നത്. ആദിവാസി തൊഴിലാളിയായ മുലായം സിങിനെ ഭാഗ്യദേവത കടാക്ഷിച്ചത് വജ്രത്തിന്‍റെ രൂപത്തിലായിരുന്നു. കിട്ടിയത് വജ്രമായതുകൊണ്ടു തന്നെ സിങിന്‍റെ ജീവിതം മാറിമറിഞ്ഞുവെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ.

മധ്യപ്രദേശിലെ ബുന്ദേൽഖണ്ഡ് മേഖലയിലെ ലോകപ്രശസ്തമായ പന്ന വജ്ര ഖനിയില്‍ നിന്നാണ് മുലായത്തിന് വജ്രം കിട്ടിയത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. മുലായം സിംഗ് കണ്ടെത്തിയ വജ്രത്തിന് 13.54 കാരറ്റ് ഭാരമുണ്ടെന്നും ഇതിന് കുറഞ്ഞത് 60 ലക്ഷം രൂപ വിലവരുമെന്നും ഡയമണ്ട് ഇൻസ്പെക്ടർ അനുപം സിംഗ് പറഞ്ഞു. കൃഷ്ണ കല്യാൺപൂർ പ്രദേശത്തെ ആഴം കുറഞ്ഞ ഖനികളിൽ നിന്നാണ് സിംഗ് ഈ വിലയേറിയ കല്ല് കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.വ്യത്യസ്ത ഭാരങ്ങളുള്ള ആറ് വജ്രങ്ങളും ഇവിടെ നിന്നും കണ്ടെടുത്തു. ഈ ആറ് വജ്രങ്ങളിൽ രണ്ടെണ്ണത്തിന് യഥാക്രമം 6 കാരറ്റും 4 കാരറ്റും ഭാരവും മറ്റുള്ളവയ്ക്ക് യഥാക്രമം 43, 37, 74 സെന്‍റ്സും ഭാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വജ്രങ്ങളുടെ ആകെ മൂല്യം ഒരു കോടി രൂപ കടന്നേക്കും. യഥാർത്ഥ വില ലേലത്തിൽ അറിയാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വജ്രം ലേലത്തിൽ വിറ്റുകിട്ടുന്ന പണം മക്കളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുമെന്ന് മുലായം സിങ് പറഞ്ഞു. തുച്ഛമായ വേതനം കൊണ്ട് കുടുംബം പുലര്‍ത്താന്‍ കഷ്ടപ്പെടുന്ന സിങിന് വജ്രം ലഭിച്ചത് വലിയൊരു ആശ്വാസമായിരിക്കുകയാണ്.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വജ്ര ഖനി പന്നയിലാണ്. പന്ന ഗ്രൂപ്പ് എന്ന പേരിൽ ഇവിടെ ഏക്കറുകണക്കിനാണ് ഇത്തരം വലുതും ചെറുതുമായ ഖനികൾ വ്യാപിച്ചു കിടക്കുന്നത്. ഖനികളിൽ നിന്നും ലഭിക്കുന്ന വജ്രങ്ങളും ശേഖരിച്ച് അവ ലേലം നടത്തുന്നത് ഇവിടുത്തെ ജില്ലാ ജഡ്ജിയാണ്. എല്ലാ വര്‍ഷവും ജനുവരിയിലാണ് ലേലം നടക്കുന്നത്. ആര്‍ക്കു വേണമെങ്കിലും ലേലത്തില്‍ പങ്കെടുക്കാം. അതിനായി 5000 രൂപ കെട്ടിവയ്ക്കണമെന്നു മാത്രം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News