'ഏക സിവിൽ കോഡിൽനിന്ന് ഗോത്രവിഭാഗങ്ങളെ ഒഴിവാക്കണം'; ആവശ്യവുമായി ബി.ജെ.പി എം.പി സുശീൽ കുമാർ മോദി
വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സംസ്‌കാരത്തെ മാറ്റാൻ ഒരു നിയമത്തിനും ആകില്ലെന്ന് എൻ.ഡി.എ ഘടകകക്ഷിയായ എൻ.പി.പി നേതാവും മേഘാലയ മുഖ്യമന്ത്രിയുമായ കോൺറാഡ് സാങ്മ വ്യക്തമാക്കിയിരുന്നു
ന്യൂഡൽഹി: ഗോത്രവിഭാഗങ്ങളെ ഏക സിവിൽ കോഡിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.പി. മുതിർന്ന നേതാവായ സുശീൽകുമാർ മോദിയാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള ഗോത്രവർഗക്കാർക്ക് നിയമത്തിൽനിന്ന് ഇളവ് നൽകണമെന്നാണ് ആവശ്യം. പാർലമെന്റിന്റെ നിയമ സ്റ്റാൻഡിങ് സമിതി ചെയർമാൻ കൂടിയാണ് സുശീൽകുമാർ.
കഴിഞ്ഞ ദിവസം നടന്ന പാർലമെന്റ് സമിതിയുടെ യോഗത്തിലാണ് അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്രവർഗക്കാരുടെ സംസ്‌കാരവും പാരമ്പര്യവും ആചാരങ്ങളുമെല്ലാം മറ്റു സമൂഹങ്ങളിൽനിന്ന് വ്യത്യസ്തമാണെന്നാണ് കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അവർക്ക് പ്രത്യേക സംരക്ഷണം നൽകേണ്ടതുണ്ടെന്നും സുശീൽകുമാർ ചൂണ്ടിക്കാട്ടി.
ഏക സിവിൽകോഡ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ എൻ.ഡി.എ ഘടകകക്ഷി നാഷനൽ പീപ്പിൾസ് പാർട്ടി(എൻ.പി.പി) രംഗത്തെത്തിയിരുന്നു. വൈവിധ്യമാണ് ഇന്ത്യയുടെ ശക്തിയെന്നും ഏക സിവിൽകോഡ് ഇന്ത്യ എന്ന ആശയത്തിനെതിരാണെന്നുമാണ് എൻ.പി.പി നേതാവും മേഘാലയ മുഖ്യമന്ത്രിയുമായ കോൺറാഡ് സാങ്മ പ്രതികരിച്ചത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ തനതു സംസ്‌കാരം മാറ്റാൻ ഒരു നിയമത്തിനുമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
തങ്ങൾ ഒരു മാതൃദായക്രമം പിന്തുടരുന്ന സമൂഹമാണെന്ന് സാങ്മ ചൂണ്ടിക്കാട്ടി. അത് എപ്പോഴും നമ്മുടെ ശക്തിയും നമ്മുടെ സംസ്‌കാരത്തിൽ ഉൾചേർന്നിട്ടുള്ളതുമാണ്. നമ്മുടെ സാംസ്‌കാരികസ്വത്വം മാറ്റാനാകില്ല. മണ്ണിൽ വേരൂന്നിനിൽക്കുന്ന രാഷ്ട്രീയപാർട്ടിയെന്ന നിലയ്ക്ക് ഒരു നിയമത്തിനും മാറ്റാൻ കഴിയാത്ത തനത് സംസ്‌കാരമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടേതെന്ന് നമ്മൾ തിരിച്ചറിയുന്നു. നമ്മുടെ സംസ്‌കാരം മാറ്റാൻ അനുവദിക്കില്ലെന്നും കോൺറാഡ് സാങ്മ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ഏക സിവിൽ കോഡ് വിഷയത്തിൽ ഇന്നലെ നടന്ന പാർലമെന്റ് സമിതിയുടെ യോഗത്തിൽ പ്രതിപക്ഷം ശക്തമായ വിമർശനമാണ് നടത്തിയത്. കോൺഗ്രസ്, ഡി.എം.കെ ഉൾപ്പെടെയുള്ള പാർട്ടികളെല്ലാം നീക്കത്തെ വിമർശിച്ചു. 2024 ലോകകപ്പ് മുന്നിൽകണ്ടുള്ള പ്രതിപക്ഷ നീക്കമാണമെന്നാണ് യോഗത്തിൽ പ്രതിപക്ഷം ആരോപിച്ചത്.
Summary: 'Tribals from northeast should be exempted from UCC'; Parliamentary Panel Chief Sushil Kumar Modi