‘400 സീറ്റ് അവകാശവാദം ചു-കിറ്റ്-കിറ്റ് മത്സരം പോലെ’; ബി.ജെ.പിയെ പരിഹസിച്ച് തൃണമൂൽ എം.പി
ലോക്സഭയിൽ ചിരിപടർത്തി കല്യാൺ ബാനർജിയുടെ പ്രസംഗം
ന്യൂഡൽഹി: ‘ഇത്തവണ 400 സീറ്റ്’ എന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യത്തെ ലോക്സഭയിൽ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് എം.പി കല്യാൺ ബാനർജി. ‘ഇത്തവണ 400 എന്ന മത്സരമാണ് അവർ കളിച്ചത്. ഒരുപാട് മത്സരങ്ങളുണ്ട്. ചു-കിറ്റ്-കിറ്റ് അതിൽ ഒന്നാണ്. ചു 400ൽ ആയിരുന്നു. എന്നാൽ അവർ എത്രത്തോളം എത്തി. കിറ്റ്, കിറ്റ്, കിറ്റ്... അത് 240 മാത്രമാണ്. ഈ കളിയും അവർ തോറ്റു’ -കല്യാൺ ബാനർജി പറഞ്ഞു.
പശ്ചിമ ബംഗാളിലെ കുട്ടികൾ കളിക്കുന്ന കളിയാണ് ‘ചു-കിറ്റ്-കിറ്റ്’. കക്ക് കളിയുടെ മറ്റൊരു രൂപമാണിത്. ‘ചു’ എന്ന് ഉറക്കെ പറഞ്ഞാണ് കളി തുടങ്ങുക. കിറ്റ് കിറ്റ് എന്ന് പതിഞ്ഞ ശബ്ദത്തിലാണ് പറയുക.
കല്യാൺ ബാനർജിയുടെ പ്രസംഗം ലോക്സഭയിൽ ചിരിപടർത്തി. പ്രസംഗത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വലിയരീതിയിൽ പ്രചരിക്കുന്നുണ്ട്. പാർട്ടി എം.പിമാരായ മഹുവ മൊയ്ത്രയും സായോനി ഘോഷുമെല്ലാം പ്രസംഗ കേട്ട് ഉറക്കെ ചിരിക്കുന്നത് വിഡിയോയിൽ കാണാം.
സഭയിലെ അംഗങ്ങളെ നോക്കിയാണ് കല്യാൺ ബാനർജി പ്രസംഗിച്ചത്. ഇതിനെതിരെ സ്പീക്കർ ഇടപെടുകയും തന്നെ നോക്കി സംസാരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനും അദ്ദേഹം മറുപടി നൽകി. ‘സാർ, ഞാൻ നിങ്ങളെ മാത്രമാണ് നോക്കുന്നത്. നിങ്ങളെക്കാൾ മിടുക്കനായ ഒരാൾ ഈ സഭയിലില്ല. നിങ്ങളെപ്പോലെ ഒരു മാന്യനില്ല. എല്ലാവരും നിങ്ങളെയാണ് നോക്കുന്നത്’ -കല്യാൺ ബാനർജി പറഞ്ഞു.
കഴിഞ്ഞദിവസം തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയും ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭയിൽ പാർലമെന്റിൽ നിന്ന് പുറത്താക്കിയതിനെ കുറിച്ച് പരാമർശിച്ച മഹുവ ബി.ജെ.പിക്കും മോദിക്കുമെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്.
എനിക്ക് എല്ലാം നഷ്ടപ്പെട്ടിരുന്നു. പക്ഷെ ഞാൻ ഭയത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയാണ് വീണ്ടും ഇവിടെ വന്ന് നിൽക്കുന്നത്. എനിക്ക് നിങ്ങളെ ഭയമില്ലെന്നും ബി.ജെ.പിയുടെ അന്ത്യം കാണുകയാണ് ലക്ഷ്യമെന്നുമായിരുന്നു മഹുവ പ്രസംഗിച്ചത്.
എനിക്ക് എന്റെ അംഗത്വം നഷ്ടപ്പെട്ടു, എനിക്ക് എന്റെ വീട് നഷ്ടപ്പെട്ടു. അക്കാലത്താണ് ഓപ്പറേഷനിലൂടെ എനിക്ക് എന്റെ ഗർഭപാത്രവും നഷ്ടപ്പെട്ടത്. പക്ഷെ ഞാൻ എന്താണ് നേടിയതെന്ന് നിങ്ങൾക്കറിയാമോ? ഭയത്തിൽ നിന്ന് ഞാൻ സ്വാതന്ത്ര്യം നേടി. എനിക്ക് നിങ്ങളെ പേടിയില്ല. നിങ്ങളുടെ (ബി.ജെ.പി) അന്ത്യം ഞാൻ കാണുമെന്നും മൊയ്ത്ര പറഞ്ഞു.
കഴിഞ്ഞ തവണ ഞാൻ ഇവിടെ നിന്നപ്പോൾ എന്നെ സംസാരിക്കാൻ അനുവദിച്ചില്ല. എന്നാൽ ഒരു എം.പിയെ നിശ്ശബ്ദമാക്കാൻ ശ്രമിച്ചതിന് ഭരണകക്ഷി വലിയ വിലയാണ് നൽകിയത്. അവർ എന്നെ നിശ്ശബ്ദരാക്കാൻ ആഗ്രഹിച്ചു, പക്ഷെ, പൊതുജനം ബി.ജെ.പിയുടെ 63 അംഗങ്ങളെ എന്നന്നേക്കുമായി നിശ്ശബ്ദരാക്കി.
കഴിഞ്ഞതവണത്തേത് പോലെ പ്രതിപക്ഷത്തെ കൈകാര്യം ചെയ്യാൻ ഇക്കുറി നിങ്ങൾക്ക് കഴിയില്ല. സ്ഥിരതയുള്ള സർക്കാറല്ല നിങ്ങളുടേതെന്ന് ഓർമവേണം. മുന്നണികളിൽനിന്ന് യു-ടേൺ എടുത്ത ചരിത്രമുള്ള കക്ഷികളാണ് ഒപ്പമുള്ളത്.
ഏത് നിമിഷവും ഈ സർക്കാർ വീഴും. എന്നാൽ, തീയിൽ കുരുത്ത 234 പോരാളികളാണ് പ്രതിപക്ഷത്തുള്ളത്. കഴിഞ്ഞതവണത്തെ പോലെ ഞങ്ങളെ നിശ്ശബ്ദരാക്കിക്കളയാമെന്ന് വ്യാമോഹിക്കണ്ടെന്നും അവർ കൂട്ടിച്ചേർത്തു.