ബംഗാൾ ഉപതെരഞ്ഞെടുപ്പ്: ബിജെപി സിറ്റിങ് സീറ്റുകളടക്കം തൂത്തുവാരി തൃണമൂൽ

2021ൽ ബിജെപി വിജയിച്ച മൂന്ന് മണ്ഡലങ്ങളുൾപ്പെടെയാണ് ഇത്തവണ തൃണമൂൽ കോൺഗ്രസ് പിടിച്ചെടുത്തത്.

Update: 2024-07-13 12:41 GMT
Advertising

കൊൽക്കത്ത: പശ്ചിമബം​ഗാൾ ഉപതെരഞ്ഞെടുപ്പും തൂത്തുവാരി ഭരണകക്ഷിയായ തൃണമൂൽ കോൺ​ഗ്രസ്. നാല് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ തിരിച്ചടി. ബിജെപിയുടെ സിറ്റിങ് സീറ്റുകളിൽ ഉൾപ്പെടെ നാലിടത്തും തൃണമൂൽ വിജയിച്ചു. 2021ൽ ബിജെപി വിജയിച്ച മൂന്ന് മണ്ഡലങ്ങളുൾപ്പെടെയാണ് ഇത്തവണ തൃണമൂൽ കോൺ​ഗ്രസ് പിടിച്ചെടുത്തത്.

മണിക്ടാല, ബാഗ്ദ, റാണാഘട്ട് ദക്ഷിൺ, റായ്​ഗഞ്ച് എന്നിവിടങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പാണ് ടി.എം.സി തൂത്തുവാരിയത്. ഇതിൽ മണിക്ടാല ഒഴികെ മറ്റ് മൂന്നിടങ്ങളിൽ 2021ൽ ബിജെപിയായിരുന്നു വിജയിച്ചത്.

സുപ്തി പാണ്ഡെയിലൂടെയാണ് മണിക്ടാല ഇത്തവണയും ടി.എം.സി നിലനിർത്തിയത്. 62,312 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുപ്തി പാണ്ഡെ ബിജെപി സ്ഥാനാർഥി കല്യാൺ ചൗധരിയെ തോൽപ്പിച്ചത്. ഭർത്താവും മുൻ മന്ത്രിയുമായ സധൻ പാണ്ഡെയുടെ നിര്യാണത്തെത്തുടർന്നാണ് ഒഴിവു വന്ന മണിക്ടാല സീറ്റിൽ ഭാര്യ സുപ്തിയെ ടിഎംസി മത്സരിപ്പിച്ചത്. മുമ്പ് 20,238 വോട്ടുകൾക്കാണ് ഇവിടെനിന്ന് സധൻ വിജയിച്ചത്.

ബാ​ഗ്ദയിൽ ടി.എം.സി രാജ്യസഭാ എം.പി മമത ബാല താക്കൂറിൻ്റെ മകൾ മധുപർണ താക്കൂർ 33,455 വോട്ടുകൾക്ക് ബി.ജെ.പിയുടെ ബിനയ് കുമാർ ബിശ്വാസിനെ പരാജയപ്പെടുത്തി. റാണാഘട്ട് ദക്ഷിണിൽ മുകുന്ദ് മണി അധികാരിയാണ് വിജയിച്ചത്. ഇവിടെ ബി.ജെ.പിയുടെ മനോജ് കുമാർ ബിശ്വാസിനെ 39,048 വോട്ടുകൾക്കാണ് അധികാരി പരാജയപ്പെടുത്തിയത്.

ഈ രണ്ട് സീറ്റുകളിലും പ്രബലമായ മതുവ സമുദായമൊന്നാകെ ഇക്കുറി തൃണമൂലിനൊപ്പം നിൽക്കുകയായിരുന്നു. മതുവ സമുദായത്തിലെ വലിയൊരു വിഭാഗത്തിൻ്റെ പിന്തുണയുണ്ടായിരുന്ന ബി.ജെ.പി 2021ൽ ബാഗ്ദ, റായ്ഗഞ്ച്, റാണാഘട്ട് ദക്ഷിൺ എന്നിവിടങ്ങളിൽ വിജയിച്ചിരുന്നെങ്കിലും എം.എൽ.എമാർ പിന്നീട് ടി.എം.സിയിൽ ചേർന്നു.

റായ്​ഗഞ്ചിൽ നിന്നുള്ള കൃഷ്ണ കല്യാണി, റണാഘട്ടിൽ നിന്നും വിജയിച്ച മുകുത് മണി അധികാരി, ബാ​ഗ്ദയിൽ നിന്നും ജയിച്ച ബിശ്വജിത് ദാസ് എന്നിവരാണ് നിയമസഭാം​ഗത്വം രാജിവച്ചത്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ഇത്.

ഇതിൽ ബിശ്വജിത് ദാസിന് ടി.എം.സി ഉപതെരഞ്ഞെടുപ്പിൽ ടിക്കറ്റ് നൽകിയില്ല. എന്നാൽ കൃഷ്ണ കല്യാണിക്കും മുകുന്ദ്മണി അധികാരിക്കും യഥാക്രമം റായ്​ഗഞ്ച്, റാണാഘട്ട് ദക്ഷിൺ എന്നിവിടങ്ങളിൽ നിന്ന് മത്സരിക്കാൻ അവസരം നൽകുകയും ഇരുവരും വിജയിക്കുകയുമായിരുന്നു. 55,077 വോട്ടുകൾക്ക് ബി.ജെ.പിയുടെ മനാസ് കുമാർ ദാസിനെ കൃഷ്ണ കല്യാണി പരാജയപ്പെടുത്തിയത്.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 200ൽ അധികം സീറ്റുകൾ നേടുകയെന്ന ലക്ഷ്യമാണ് ബി.ജെ.പിക്കുണ്ടായിരുന്നതെങ്കിലും 77 സീറ്റുകൾ മാത്രമാണ് അവർക്ക് നേടാനായത്. 213 സീറ്റുകളോടെ തൃണമൂൽ കോൺഗ്രസ് തുടർച്ചയായി മൂന്നാം തവണയും അധികാരത്തിൽ തിരിച്ചെത്തി. അതേസമയം, അടുത്തിടെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സീറ്റുകൾ 2019ൽ 18ൽ നിന്ന് 12 ആയി കുറഞ്ഞിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News