നാലില്‍ മൂന്നിടത്തും ബി.ജെ.പിക്ക് കെട്ടിവച്ച പണം നഷ്ടം; ബംഗാള്‍ ഉപതെരഞ്ഞെടുപ്പ് തൂത്തുവാരി തൃണമൂല്‍ കോണ്‍ഗ്രസ്
ആറുമാസം മുമ്പ് ബി.ജെ.പി സ്ഥാനാർത്ഥി വിജയിച്ചതടക്കമുള്ള് സീറ്റുകളിലാണ് ബി.ജെ.പി വൻപരാജയം നേരിട്ടത്
ബംഗാളിൽ നാല് നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ നാലും തൂത്തുവാരി തൃണമൂൽ കോൺഗ്രസ്. ബി.ജെ.പി വലിയ തിരിച്ചടി നേരിട്ട തെരഞ്ഞെടുപ്പിൽ എല്ലായിടത്തും ബി.ജെ.പിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് തൃണമൂലിന്‍റെ വിജയം. ദിൻഹത,ശാന്തിപൂർ,കർദാഹാ,ഗൊസാബാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിലാണ് തൃണമൂൽ സ്ഥാനാർത്ഥികൾ വിജയിച്ചത്. നാല് സീറ്റുകളിൽ മൂന്നിടത്തും ബി.ജെ.പിക്ക് കെട്ടിവച്ച പണം നഷ്ടമായി.
ആറുമാസം മുമ്പ് ബി.ജെ.പി സ്ഥാനാർത്ഥി വിജയിച്ചതടക്കമുള്ള് സീറ്റുകളിലാണ് ബി.ജെ.പി വൻപരാജയം നേരിട്ടത്. ആറ് മാസം മുമ്പ് നടന്ന ലേക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ച ദിൻഹത മണ്ഡലത്തിൽ തൃണമൂൽ സ്ഥാനാർത്ഥി ഉദയൻ ഗുഹ 1,64,089 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിന് ജയിച്ചു. ലോക്‌സഭ ഉപതെരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി നിസിത് പ്രമാണികിനോട് പരാജയമേറ്റു വാങ്ങിയ ശേഷമാണ് ഉദയൻ ഗുഹയുടെ വന്‍ തിരിച്ചുവരവ്.
മമതാ ബാനർജിക്കായി ഭവാനിപൂർ മണ്ഡലത്തിൽ നിന്ന് രാജിവച്ച സോവൻദേപ് ചതോപാദ്യായയാണ് ഖൻദഹയിൽ നിന്ന് ജയിച്ചത്. 93,832 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സോവൻദേപിന്‍റെ വിജയം.
ഗൊസാബാ മണ്ഡലത്തിൽ നിന്ന് 1,43,051 വോട്ടുകളുടെ ഭൂരിപക്ഷത്തിന് സുഭ്രതാ മോണ്ഡലും ശാന്തിപൂർ മണ്ഡലത്തിൽ നിന്ന് 64,675 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് ഭ്രജാ കിഷോറും വിജയിച്ചു. ദിൻഹത, ഖൻദഹ , കർദാഹാ മണ്ഡലങ്ങളിലാണ് ബി.ജെ.പിക്ക് കെട്ടിവച്ച പണം നഷ്ടമായത്.
ഇത് ജനങ്ങളുടെ വിജയമാണെന്നും വിദ്വേഷപ്രചരണങ്ങൾക്കെതിരെ ജനം ബി.ജെ.പിക്ക് മറുപടി നൽകിയിരിക്കുന്നു എന്നും ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ അധ്യക്ഷയുമായ മമത ബാനർജി പറഞ്ഞു.