തൃണമൂൽ കോൺഗ്രസ് നേതാവിന് സ്വന്തം പാർട്ടിക്കാരുടെ ആക്രമണം; ഗുരുതരാവസ്ഥയിൽ
ഗുരുതരമായി പരിക്കേറ്റ സുഖ്ദേവ് ആശുപത്രിയിൽ ചികിത്സയിലാണ്.
Update: 2022-12-27 11:58 GMT
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവിന് സ്വന്തം പാർട്ടിക്കാരുടെ ആക്രമണം. തിങ്കളാഴ്ച രാത്രി കൊൽക്കത്തയിലെ ഗാരിയയിലാണ് സംഭവം.
രാജ്പുർ-സോനാർപുർ മുനിസിപാലിറ്റിയിലെ ജയ് ഹിന്ദ് വാഹിനി മുൻ അധ്യക്ഷൻ സുഖ്ദേവ് പുരോകൈത് ആണ് ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ സുഖ്ദേവ് ആശുപത്രിയിൽ ചികിത്സയിലാണ്.
രാത്രി കടയടച്ച് വീട്ടിലേക്ക് പോകവെ പാർട്ടിയിലെ എതിരാളികൾ ഇരുമ്പ് കമ്പി കൊണ്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടക്കുന്നത് കണ്ട സുഖ്ദേവിനെ നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മറ്റൊരു നേതാവായ സമരേഷ് സാഹയും സംഘവുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.