'ഇ.ഡി കസ്റ്റഡിയിലെടുക്കും' തൃണമുൽ നേതാവിന് ഭീഷണിയുമായി ബി.ജെ.പി സംസ്ഥാനധ്യക്ഷൻ
അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവെന്ന് തൃണമുൽ കോൺഗ്രസ്
ബംഗാൾ: തൃണമുൽ കോൺഗ്രസ് നേതാവിനെതിരെ 'ഇ.ഡി കസ്റ്റഡിയിലെടുക്കുമെന്ന്' ബി.ജെ.പി നേതാവിന്റെ ഭീഷണി.
ഗംഗാരാംപൂര മുൻസിപാലിറ്റി ചെയർമാനും തൃണമുൽ കോൺഗ്രസ് നേതാവുമായ പ്രശാന്ത് മിത്രക്കെതിരെയാണ് ബി.ജെ.പി നേതാവും സംസ്ഥാനാധ്യക്ഷനുമായ സുകാന്ത മജൂംദാർ ഭീഷണി മുഴക്കിയത്. പൊതുയോഗത്തിനിടെയായിരുന്നു ബി.ജെ.പി നേതാവിന്റെ ഭീഷണി.
'സുകാന്ത മിത്രയെ ഇ.ഡി കസ്റ്റഡിയിലെടുക്കും, മുൻസിപാലിറ്റി ചെയർമാൻ സ്ഥാനത്തിരുന്നതിനേക്കാൾ കാലം മിത്ര ഇ.ഡി കസ്റ്റഡിയിൽ കിടക്കും' എന്നായിരുന്നു മജൂദാർ പറഞ്ഞത്.
ബാലൂർഘട്ട് മണ്ഡലത്തിലെ തൃണമുൽ സ്ഥാനാർഥിയായ ബിപ്‌ലപ് മിത്രയുടെ സഹോദരനാണ് പ്രശാന്ത് മിത്ര.
ഭീഷണിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയെന്ന പേരിൽ സുകാന്ത മജൂംദാറിനെതിരെ തൃണമുൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
തൃണമുൽ കോൺഗ്രസിനെതിരെയും മറ്റ് പ്രതിപക്ഷ പാർട്ടികൾക്കെതിരെയും കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെയും കേന്ദ്ര വകുപ്പുകളെയും ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവാണ് മജൂംദാറിന്റെ പ്രസ്താവനയെന്ന് തൃണമുൽ കോൺഗ്രസ് വൃത്തങ്ങൾ ആരോപിച്ചു.
തെരഞ്ഞെടുപ്പ് കഴിയും വരെ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തടസമുണ്ടാക്കുന്ന കേന്ദ്ര ഏജൻസി നടപടികൾ തടയാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് തൃണമുൽ കോൺഗ്രസ് പറഞ്ഞു.
എല്ലാ രാഷ്ട്രീയപാർട്ടികൾക്കും സ്ഥാനാർഥികൾക്കും തുല്യ അവസരമുണ്ടാക്കാനായി കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഡയറക്ടർമാരെ മാറ്റാൻ ഉത്തരവിടണമെന്നും തൃണമുൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
ബി.ജെ.പി നേതാക്കളുടെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമായ ഒന്നിലതികം പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്നും തൃണമുൽ കോൺഗ്രസ് ആവശ്യപ്പെട്ടു.