ത്രിപുരയില്‍ പ്രതിമ ഭൗമിക്കിന് വേണ്ടിയും ചരടുവലി; മുഖ്യമന്ത്രി പദവിയില്‍ ആശയക്കുഴപ്പം
തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ സംഘർഷങ്ങളിൽ സി.പി.എം പ്രവർത്തകർക്ക് ഉള്‍പ്പെടെ 52 പേര്‍ക്ക് പരിക്കേറ്റു. ഇതിൽ എട്ടുപേരുടെ നില ഗുരുതരമാണ്
അഗര്‍ത്തല: ത്രിപുരയിൽ മുഖ്യമന്ത്രി പദവിയില്‍ ആശയക്കുഴപ്പം. മണിക് സാഹയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുമെന്ന് ഉറപ്പിച്ചെങ്കിലും പ്രതിമ ഭൗമിക്കിന് വേണ്ടിയും ചരടുവലി ശക്തമായിരിക്കുകയാണ്. കക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ ബി.ജെ.പി നിയമസഭാ കക്ഷി യോഗം തിങ്കളാഴ്ച ചേരും. അതിനിടെ, തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്ത് ആരംഭിച്ച സംഘർഷങ്ങൾ തുടരുകയാണ്.
ത്രിപുരയിൽ ഗവര്‍ണറെ മുഖ്യമന്ത്രി മണിക് സാഹ രാജിക്കത്ത് കൈമാറിയപ്പോഴും പുതിയ സർക്കാർ ഉണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചില്ല. ഔദ്യോഗിക പ്രഖ്യാപനം ബി.ജെ.പി കേന്ദ്ര നിരീക്ഷകരടക്കം പങ്കെടുക്കുന്ന തിങ്കളാഴ്ചത്തെ നിയമസഭാകക്ഷി യോഗത്തിലുണ്ടാകും. ആഭ്യന്തര കലഹങ്ങളിൽ ആടിയുലഞ്ഞ ബി.ജെ.പിയെ വീണ്ടും അധികാരത്തിലെത്തിച്ചതാണ് മണിക് സാഹയുടെ നേട്ടമായി ഉയർത്തിക്കാട്ടുന്നത്.
ത്രിപുരയുടെ ചരിത്രത്തിൽ ആദ്യമായി വനിതാ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള അവസരം ബി.ജെ.പി പാഴാക്കരുതെന്ന് അഭിപ്രായമുള്ളവരുമുണ്ട്. മന്ത്രിസഭയിൽ പുതുമുഖങ്ങളും ചെറുപ്പക്കാരും എത്തും. ബുധനാഴ്ചയാണ് സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ സംഘർഷങ്ങളിൽ 52 സി.പി.എം, ബി.ജെ.പി പ്രവർത്തകർക്ക് പരിക്കേറ്റു. ഇതിൽ എട്ടുപേരുടെ നില ഗുരുതരമാണ്. ആക്രമണങ്ങളെ അപലപിച്ച് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി രംഗത്തുവന്നിട്ടുണ്ട്. ബി.ജെ.പി അഴിച്ചുവിട്ടത് ക്രൂരമായ അക്രമ പരമ്പരയാണെന്നും തെരഞ്ഞെടുപ്പുകളിൽ എല്ലായ്‍പ്പോഴും വിജയികളും പരാജിതരും ഉണ്ടാകുമെന്നും യെച്ചൂരി പറഞ്ഞു.
Summary: Confusion over CM in Tripura as the tug of war is still strong for Pratima Bhoumik while Manik Saha has been confirmed to the post