ത്രിപുരയിൽ ആരാധനാലയങ്ങള്‍ക്കും വീടുകൾക്കും നേരെ വ്യാപക ആക്രമണം
വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി
ബംഗ്ലാദേശിൽ ദുർഗാപൂജക്കിടെയുണ്ടായ അക്രമങ്ങളിൽ പ്രതിഷേധിച്ച് ത്രിപുരയിൽ നടത്തിയ റാലിക്കിടെ വ്യാപക ആക്രമണം. വി.എച്ച്.പി,ആർ.എസ്.എസ്, ബജ്റംഗ്ദള്‍ സംഘടനകൾ നടത്തിയ റാലിക്കിടെയാണ് ഒരു വിഭാഗത്തിന്‍റെ ആരാധനാലയങ്ങളും വ്യാപാര സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടത്.
ഇന്നലെ വൈകുന്നേരത്തോടെയാണ് വി.എച്ച്.പി,ആർ.എസ്.എസ്, ബജ്രംഗദൾ പ്രവർത്തകർ റാലിയുമായി തെരുവിലിറങ്ങിയത്. റാലിക്കിടെയായിരുന്നു അഗർത്തല, ഉദയ്പൂർ, കൃഷ്ണനഗർ, ധർമ്മനഗർ എന്നിവിടങ്ങളിൽ ആക്രമണമുണ്ടായത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഭിഭാഷകനും പൊതുപ്രവർത്തകനുമായ അബ്ദുൽ ബാസിത് ഖാന്‍റെ വീടും അതിനടുത്ത ആരാധനാലയവും ആക്രമിച്ചു.
ഉദയ്പൂരിൽ പ്രതിഷേധിക്കാനെത്തിയ വി.എച്ച്.പി പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പൊലീസുകാർക്കു പരിക്കേറ്റു. വി.എച്ച്.പി മാർച്ചിനിടെ ആക്രമണമുണ്ടാവുമെന്ന വിവരത്തെ തുടർന്ന് മാർച്ച് തടയാനെത്തിയപ്പോഴാണ് പൊലീസിന് നേരെ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടതെന്ന് ഐ.ജി അരിനാദം നാഥ് പറഞ്ഞു. ത്രിപുരയുടെ വിവിധയിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധത്തെ തുടർന്ന് ത്രിപുരയിൽ നടത്താനിരുന്ന ബംഗ്ലാദേശ് ഫിലം ഫെസ്റ്റിവൽ മാറ്റി. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എസ്.ഐ.ഒ ത്രിപുര ഘടകം ആവശ്യപ്പെട്ടു.