അമിത് ഷായുടെ റാലിക്കിടെ ബിജെപിക്കാർ തന്റെ കാർ തകർത്തതായി ടി.ആർ.എസ് നേതാവ്
ബിജെപി സംഘടിപ്പിച്ച 'ഹൈദരാബാദ് വിമോചന ദിന' ആഘോഷങ്ങൾക്കിടെയായിരുന്നു സംഭവം.
ഹൈദരാബാദ്: തെലങ്കാനയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ റാലിക്കിടെ ബിജെപി പ്രവർത്തകർ തന്റെ കാർ തകർത്തതായി ടി.ആർ.എസ് നേതാവ് ഗോസുല ശ്രീനിവാസിന്റെ പരാതി. ബിജെപി സംഘടിപ്പിച്ച 'ഹൈദരാബാദ് വിമോചന ദിന' ആഘോഷങ്ങൾക്കിടെയായിരുന്നു സംഭവമെന്ന് ഗോസുല പറയുന്നു.
നഗരത്തിൽ റാലിയെ അഭിസംബോധന ചെയ്ത അമിത് ഷാ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ അനുയായികളുടെ ആക്രമണമെന്ന് തെലങ്കാന രാഷ്ട്ര സമിതി നേതാവ് ആരോപിച്ചു. കാറിന്റെ ചില്ലുകൾ ബിജെപി പ്രവർത്തകർ അടിച്ചുതകർത്തു. തന്റെ കാർ അശ്വാരൂഡ സേനയുടെ മുന്നിലാണ് നിർത്തിയിരുന്നതെന്നും എന്നാൽ ഒടുവിൽ അത് നീക്കാൻ നിർബന്ധിതനായെന്നും ടി.ആർ.എസ് നേതാവ് പറഞ്ഞു.
സംഭവത്തിൽ താൻ ആകെ മാനസിക സംഘർഷത്തിലായി. തന്റെ കാർ തകർത്തതിൽ പൊലീസിൽ പരാതി നൽകുമെന്നും ഗോസുല പറഞ്ഞു. എന്നാൽ ആരോപണത്തോട് ബി.ജെ.പി ഇതുവരെ പ്രതികരിച്ചിട്ടില്ല.
'ഹൈദരാബാദ് വിമോചനദിനം' എന്ന പേരിലാണ് രാഷ്ട്രീയലക്ഷ്യം മുൻനിർത്തി ബി.ജെ.പി ദിനാഘോഷം നടത്തുന്നത്. ഇതിനെതിരെ ശക്തമായ പ്രതിരോധം ഉയരുന്നുണ്ട്. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ ഷായെ ക്ഷണിക്കാത്തതിനാൽ ബിജെപി സംഘടിപ്പിച്ച സമാന്തര പരിപാടിയിലാണ് അദ്ദേഹം പങ്കെടുത്തത്.
അതേസമയം, 'തെലങ്കാന ദേശീയോദ്ഗ്രഥന ദിനം' എന്ന പേരിലാണ് ഹൈദരാബാദിലുടനീളം തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഹൈദരാബാദ് നഗരം ഇന്ത്യൻ യൂണിയനിൽ ലയിച്ചതിന്റെ 75ാം വാർഷികത്തോടനുബന്ധിച്ചാണ് ആഘോഷം.
അമിത്ഷായുടെ വരവിനെതിരെ ഹൈദരാബാദിലെ തിരക്കേറിയ സ്ഥലങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.