ബിപർജോയ് ചുഴലിക്കാറ്റിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ന്യൂസ് സ്റ്റുഡിയോയില്‍ കുട പിടിച്ച് അവതാരക; ട്രോളോടു ട്രോള്‍
റിപ്പബ്ലിക് ഭാരത് വാര്‍ത്താ അവതാരകയായ ശ്വേത ത്രിപാഠിയാണ് കുട പിടിച്ച് സ്റ്റുഡിയോയിലെത്തിയത്
മുംബൈ: ന്യൂസ് സ്റ്റുഡിയോയില്‍ കുടയുമായെത്തി ബിപർജോയ് ചുഴലിക്കാറ്റിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന ടെലിവിഷന്‍ അവതാരകയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അവതാരകയുടെ അമിതാഭിനയത്തെ പരിഹസിച്ച് ട്രോളുകളും പ്രചരിക്കുന്നുണ്ട്.
റിപ്പബ്ലിക് ഭാരത് വാര്‍ത്താ അവതാരകയായ ശ്വേത ത്രിപാഠിയാണ് കുട പിടിച്ച് സ്റ്റുഡിയോയിലെത്തിയത്. വ്യത്യസ്തതയാണ് കക്ഷി ഉദ്ദശേിച്ചതെങ്കിലും പരിഹാസങ്ങള്‍ ഏറ്റുവാങ്ങാനായിരുന്നു വിധി. വ്യാഴാഴ്ച ഗുജറാത്ത് തീരം കടക്കുമെന്ന് പ്രതീക്ഷിക്കുന്ന ബിപര്‍ജോയ് ചുഴലിക്കാറ്റിനെക്കുറിച്ച് പറയുന്നതിനിടെയായിരുന്നു ശ്വേതയുടെ കുട പിടിച്ചുള്ള അഭിനയം. പശ്ചാത്തലത്തില്‍ കൊടുങ്കാറ്റില്‍ ആടിയുലയുന്ന മരങ്ങളും കാണാം. ഇതിനൊപ്പം കാറ്റില്‍ പെട്ട പോലെ ആടിയുലയുകയാണ് അവതാരകയും. ബിപര്‍ജോയ് ചുഴലിക്കാറ്റിനെക്കുറിച്ച് പറയുമ്പോള്‍ ഫ്ലോറിഡയിലെ ചുഴലിക്കാറ്റിന്‍റെ ദൃശ്യങ്ങള്‍ പശ്ചാത്തലത്തില്‍ കാണിച്ചതും അബദ്ധമായി.
"ഞങ്ങൾ ഗുജറാത്തിലെ ദ്വാരകയിൽ എത്തി, ഇവിടെ ശക്തമായ കാറ്റ് വീശുന്നതിനാൽ നില്‍ക്കാന്‍ പോലും സാധിക്കുന്നില്ല. 150 കിലോമീറ്റർ വേഗതയിൽ ഈ മേഖലയിലേക്ക് വരുന്ന ബിപർജോയ് ചുഴലിക്കാറ്റ് നിൽക്കാനും സംസാരിക്കാനും വെല്ലുവിളി ഉയർത്തുന്നു. തീരത്തിന് സമീപം പോകുന്നത് ഒഴിവാക്കുക. അതിനാൽ ജാഗ്രത പാലിക്കുക,” കാലാവസ്ഥാ റിപ്പോർട്ടിനിടെ ശ്വേത പറയുന്നത് കേൾക്കാം.ഈ നാടകീയതയുടെയും അമിതാഭിനയത്തിന്‍റെയും കാര്യമില്ലെന്നാണ് വീഡിയോ കണ്ടവരുടെ അഭിപ്രായം.