കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്‍റെ ട്വിറ്റര്‍ അക്കൗണ്ടിന്‍റെ ബ്ലൂ ടിക്ക് താത്കാലികമായി നീക്കം ചെയ്തു

പുതിയ കേന്ദ്ര ഐടി നയം നിലവിൽ വന്നതുമുതൽ കേന്ദ്ര സർക്കാരും ട്വിറ്ററും തമ്മിൽ നിലനിൽക്കുന്ന 'ശീതയുദ്ധത്തിന്‍റെ' പശ്ചാത്തലത്തിലാണ് ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത്.

Update: 2021-07-12 12:42 GMT
Editor : Nidhin | By : Web Desk
Advertising

പ്രമുഖ മൈക്രോ ബ്ലോംഗിങ് സൈറ്റായ ട്വിറ്ററും കേന്ദ്ര സർക്കാരും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ ട്വിറ്ററിനെ പ്രതിക്കൂട്ടിലാക്കി പുതിയ വിവാദം. അടുത്തിടെ കേന്ദ്ര ഐടി സഹമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി എംപി രാജീവ് ചന്ദ്രശേഖരിന്റെ ട്വിറ്റർ വെരിഫിക്കേഷൻ ബാഡ്ജ് (ബ്ലൂ ടിക്ക്) നീക്കം ചെയ്തതോടെയാണ് പുതിയ വിവാദമുണ്ടായിരിക്കുന്നത്. നീക്കം ചെയ്ത് ബ്ലൂ ടിക്ക് ട്വിറ്റർ പിന്നീട് പുനസ്ഥാപിച്ചു.

രാജീവ് ചന്ദ്രശേഖർ തന്‍റെ അക്കൗണ്ടിന്‍റെ പേര് മാറ്റിയതിനാലാണ് താത്കാലികമായി ബ്ലൂ ടിക്ക് നഷ്ടമായത് എന്നാണ് സംഭവത്തിൽ ട്വിറ്ററിന്റെ വിശദീകരണം. നേരത്തെ ഇത്തരത്തിൽ കേന്ദ്ര മന്ത്രിമാരുടെയും ബിജെപി നേതാക്കളുടെയും കോൺഗ്രസ് നേതാവ് ശശി തരൂരിന്റെയും അക്കൗണ്ട് താത്കാലികമായി ബ്ലോക്ക് ചെയ്തതും ട്വിറ്ററിനെ പ്രതിരോധത്തിലാക്കിയിരുന്നു.

പുതിയ കേന്ദ്ര ഐടി നയം നിലവിൽ വന്നതുമുതൽ കേന്ദ്ര സർക്കാരും ട്വിറ്ററും തമ്മിൽ നിലനിൽക്കുന്ന ശീതയുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത്.

കേന്ദ്ര ഐടി നയത്തിലെ നിബന്ധനകൾ പാലിക്കാത്തതിനാൽ ട്വിറ്ററിന് ഐടി നിയമം നൽകുന്ന പരിരക്ഷ ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുകയാണ്. കടുത്ത സമ്മർദങ്ങൾക്ക് വഴങ്ങിയാണ് കഴിഞ്ഞ ദിവസം ട്വിറ്റർ റെസിഡന്റ് ഗ്രിവൻസ് ഓഫീസറായി (ആർജിഒ) വിനയ് പ്രകാശിനെ നിയമിച്ചത്.

നയത്തിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം ട്വിറ്റർ അവരുടെ ആദ്യത്തെ പരാതി പരിഹാര റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. അതിൽ പറയുന്ന പ്രകാരം കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിനും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പോസ്റ്റ് ഇട്ടതിനും 22,564 ട്വിറ്റർ അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്‌തെന്ന് അവർ വ്യക്തമാക്കി.

അതേസമയം കുട്ടികളുടെ സംരക്ഷണത്തിനായുള്ള ദേശീയ കമ്മീഷൻ നൽകിയ പരാതിയിൽ ഡൽഹി പൊലീസ് ട്വിറ്ററിനെതിരേ കേസെടുത്തു. കുട്ടികളുടെ അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കാൻ സഹായിച്ചു എന്നതിനാണ് കേസ്.

നേരത്തെ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്‍റെയും കോൺഗ്രസ് നേതാവ് ശശി തരൂരിന്‍റെയും ട്വിറ്റർ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തതിന് പാർലമെന്റ് ഐടി കമ്മിറ്റി ട്വിറ്ററിനോട് വിശദീകരണം ചോദിച്ചിരുന്നു.

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News