'സ്റ്റാന്റ് വിത്ത് അഫ്രീൻ ഫാത്തിമ'; ട്വിറ്ററിൽ ട്രെൻഡായി ഹാഷ് ടാഗ് ക്യാമ്പയിൻ
ഇന്ന് രാവിലെ 11 മണിക്കുള്ളിൽ വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് ഗേറ്റിൽ നോട്ടീസ് പതിച്ചത്.
ന്യൂഡൽഹി: പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ ് വീട് പൊളിച്ചുനീക്കാൻ നീക്കാൻ നോട്ടീസ് നൽകിയ സ്റ്റുഡന്റ് ആക്ടിവിസ്റ്റ് അഫ്രീൻ ഫാത്തിമക്ക് പിന്തുണ പ്രഖ്യാപിച്ച് സമൂഹമാധ്യമങ്ങൾ. സ്റ്റാന്റ് വിത്ത് അഫ്രീൻ ഫാത്തിമ എന്ന ഹാഷ് ടാഗ് ട്വിറ്റർ ട്രെൻഡിൽ ഒന്നാം സ്ഥാനത്താണ്.
നിങ്ങൾക്ക് അവളുടെ ശബ്ദത്തെ ബുൾഡോസ് ചെയ്യാനാവില്ല, അടിച്ചമർത്തലിനെതിരെ നിൽക്കാനുള്ള അവളുടെ ആവേശത്തെ, ഇസ്ലാമോഫോബിയക്കെതിരെ പൊരുതാനുള്ള അവളുടെ ഇച്ഛാശക്തിയെ, അവളുടെ സ്വപ്‌നങ്ങളെ നിങ്ങൾക്ക് ബുൾഡോസ് ചെയ്യാനാവില്ല, അവളുടെ ആഗ്രഹങ്ങളെയും അവളുടെ വീര്യത്തെയും നിങ്ങൾക്ക് ബുൾഡോസ് ചെയ്യാനാവില്ല-ആസിഫ് മുജ്തബ ട്വീറ്റ് ചെയ്തു.
അവളും അവളുടെ കുടുംബവും കടന്നുപോകുന്ന മാനസികാവസ്ഥ എനിക്ക് ആലോചിക്കാനാവുന്നില്ല. അവൾ ധീരയായ വനിതയാണെന്ന് എനിക്കറിയാം. കൂടുതൽ കരുത്തയായി അവൾ മടങ്ങി വരും, ഇൻശാ അല്ലാഹ്, ദയവായി അവൾക്കും അവളുടെ കുടുംബത്തിനും വേണ്ടി പ്രാർഥിക്കുക- ഷർജീൽ ഉസ്മാനി ട്വീറ്റ് ചെയ്തു.
പ്രവാചക നിന്ദക്കെതിരെ പ്രയാഗ്‌രാജിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് അഫ്രീൻ ഫാത്തിമയുടെ കുടുംബത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ 11 മണിക്കകം വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. വൻ പൊലീസ് സന്നാഹമാണ് പ്രദേശത്ത് നിലയുറപ്പിച്ചിട്ടുള്ളത്.