സന്തോഷ വാർത്ത പങ്കിട്ട് ഐഎസ്ആർഒ, പ്രകാശ് രാജിന് വിമർശനം | Twitter Trending |

ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ ഓര്‍ബിറ്ററുമായി ചന്ദ്രയാന്‍ മൂന്നിന്റെ ലാന്‍ഡര്‍ മൊഡ്യൂള്‍ ആശയബന്ധം സ്ഥാപിച്ചു.

Update: 2023-08-21 15:28 GMT
Advertising

അടല്‍ ബിഹാരി വാജ്‍പേയ് പാര്‍ക്കിന്‍റെ പേര് മാറ്റി

അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‍പേയിയുടെ പേരിലുള്ള പറ്റ്നയിലെ പാര്‍ക്കിന്‍റെ പേരു മാറ്റി. കോക്കനട്ട് പാര്‍ക്ക് എന്നാണ് പുനര്‍നാമകരണം ചെയ്തത്. നിതീഷ് കുമാർ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി രംഗത്തെത്തി. വനം-പരിസ്ഥിതി മന്ത്രി തേജ് പ്രതാപ് യാദവാണ് പറ്റ്നയിലെ കങ്കര്‍ബാഗില്‍ സ്ഥിതി ചെയ്യുന്ന അടൽ ബിഹാരി വാജ്പേയി പാർക്കിന്‍റെ പേരു മാറ്റിയത്. നേരത്തെ കോക്കനട്ട് പാര്‍ക്ക് എന്ന പേരിലാണ് ഈ പാര്‍ക്ക് അറിയപ്പെട്ടിരുന്നത്. 2018ല്‍ വാജ്‍പേയിയുടെ മരണശേഷം പേരുമാറ്റുകയായിരുന്നു. എന്നാല്‍ വീണ്ടും പാര്‍ക്കിന് പഴയ പേര് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. പാര്‍ക്കിനുള്ളിലെ വാജ്‍പേയ് പ്രതിമ നിലനിര്‍ത്തിയിട്ടുണ്ട്.

നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലേക്ക്

പതിനഞ്ചാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ​ദക്ഷിണാഫ്രിക്കയിലേക്ക്. ദക്ഷണിഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നാളെ മുതലാണ് ഉച്ചകോടി നടക്കുന്നത്. നാലു ദിവസത്തെ സന്ദർശനത്തിന്റെ ഭാ​ഗമായി, മോദി ദക്ഷിണാഫ്രിക്കയിലും ഗ്രീസിലുമെത്തും. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് മതമേല സിറിൽ റാമഫോസയുടെ ക്ഷണപ്രകാരമാണ് മോദി ഇത്തവണത്തെ ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.

ജിമ്മൻമാർ കൂടുതൽ നോർവെയിൽ 

വിവിധ രാജ്യങ്ങളിലെ ജിമ്മുകളിൽ അംഗത്വമുള്ളവരുടെ കണക്ക് പുറത്ത് വിട്ട് വേൾഡ് ഓഫ് സ്റ്റാറ്റിസ്‌ക്‌സ്. നോർവേയിലും സ്വീഡനിലുമാണ് ജനസംഖ്യയിൽ കൂടുതൽ പേർക്ക് ജിമ്മിൽ അംഗത്വമുള്ളത്. ഇരുരാജ്യങ്ങളിലും ജനസംഖ്യയുടെ 22 ശതമാനം പേർ ജിമ്മിൽ പോകുന്നവരാണ്. 

സന്തോഷ വാര്‍ത്ത പുറത്തുവിട്ട് ഐഎസ്ആര്‍ഒ

ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ ഓര്‍ബിറ്ററുമായി ചന്ദ്രയാന്‍ മൂന്നിന്റെ ലാന്‍ഡര്‍ മൊഡ്യൂള്‍ ആശയബന്ധം സ്ഥാപിച്ചു. ചന്ദ്രയാന്‍ മൂന്ന് അയക്കുന്ന സന്ദേശങ്ങളും പരിശോധനാഫലങ്ങളും ഓര്‍ബിറ്റര്‍ വഴിയാകും കണ്‍ട്രോള്‍ സെന്ററിലെത്തുക. ബുധനാഴ്ച വൈകീട്ട് ആറ് നാലിനാണ് ചന്ദ്രയാന്‍ മൂന്നിന്റെ സോഫ്റ്റ്ലാന്‍ഡിങ്. 

പ്രകാശ് രാജിനെതിരെ വിമർശനം 

കഴിഞ്ഞദിവസം ചന്ദ്രയാൻ 3 ന്റെ ദൗത്യവുമായി ബന്ധപ്പെടുത്തി നടൻ പ്രകാശ് രാജ് ലുങ്കിയുടത്ത ഒരാൾ ചായയടിക്കുന്ന കാർട്ടൂൺ എക്‌സിൽ പങ്കുവെച്ചിരുന്നു.' ബ്രേക്കിങ് ന്യൂസ്, വിക്രം ലാൻഡർ എടുത്ത ചന്ദ്രനിൽനിന്നുള്ള ആദ്യ ചിത്രം' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. എന്നാൽ ഇതിനെതിരെ വലിയ വിമർശനമാണ് സോഷ്യൽമീഡിയയിൽ നിന്നും ഉയരുന്നത്.

രാജ്യത്തിന്റെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചെന്നാണ് സോഷ്യൽമീഡിയയിൽ ഉയരുന്ന വിമർശനം. ശാസ്ത്രജ്ഞരുടെ കഠിനാധ്വാനത്തെയാണ് നടൻ പരിഹസിച്ചതെന്നാണ് ചിലരുടെ കമന്‍റ്. ചന്ദ്രയാൻ 3 ഇന്ത്യയുടെ അഭിമാനമാണെന്നും അന്ധമായ വിദ്വേഷത്തിനുള്ള ഉപകരണമല്ലെന്നും ചിലർ ട്വീറ്റ് ചെയ്തു. മോദിയോടും ബി.ജെ.പിയോടുള്ളമുള്ള അന്ധമായ വിരോധത്തിന്റെ പേരിൽ ഐ.എസ്.ആർ.ഒ പരിഹസിക്കരുതെന്നും ഇത് ബി.ജെ.പിയുടെ മിഷനല്ലെന്നും ചിലർ ഓർമിച്ചു. ചിലരാകട്ടെ രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട ട്രോളുകളും ട്വീറ്റ് താഴെ കമന്റായി പങ്കുവെക്കുന്നുണ്ട്. അതേസമയം,കുറച്ച് ആളുകള്‍ പ്രകാശ് രാജിനെ പിന്തുണച്ചും എത്തിയിട്ടുണ്ട്.

‘ദി കശ്മീർ വാല’ക്ക് കേന്ദ്ര സർക്കാറിന്‍റെ വിലക്ക്

ശ്രീനഗർ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വതന്ത്ര ന്യൂസ് പോർട്ടലിന്‍റെ പ്രവർത്തനങ്ങൾ ബ്ലോക്ക് ചെയ്ത് കേന്ദ്ര സർക്കാർ. ‘ദി കശ്മീർ വാല’ വെബ്സൈറ്റിന്‍റെയും സമൂഹ മാധ്യമ പേജുകളുടെയും പ്രവർത്തനം കേന്ദ്ര സർക്കാർ തടഞ്ഞതായി സ്ഥാപനം അറിയിച്ചു. സ്ഥാപക എഡിറ്റർ ഫഹദ് ഷാ യു.എ.പി.എ ചുമത്തപ്പെട്ട് ജയിലിൽ കഴിയവെയാണ് പുതിയ സംഭവം.

കർണാടകയിൽ '2002 ഗുജറാത്ത്' ആവർത്തിക്കണമെന്ന് തീവ്ര ഹിന്ദുത്വ നേതാവ്

കർണാടകയിൽ '2002ലെ ഗുജറാത്ത് കലാപം' ആവർത്തിക്കണമെന്ന് തീവ്ര ഹിന്ദുത്വ നേതാവ്. കർണാടകയിലെ ബാഗൽകോട്ടിൽ നടന്ന പൊതുയോഗത്തിലാണ് ഹിന്ദു ജാഗരൺ വേദികെ നേതാവ് വിദ്വേഷ പ്രസംഗം നടത്തിയത്. 2002-ൽ ഗുജറാത്തിൽ നടന്ന സംഭവങ്ങൾ ആവർത്തിക്കണമെന്ന് ആർഎസ്എസ് അനുബന്ധ സംഘടനയുടെ പരിപാടിയിൽ പ്രസംഗകൻ ആവശ്യപ്പെടുകയായിരുന്നു. ഹിന്ദുത്വ വാച്ച് ട്വിറ്ററിൽ പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ചു.

സ്വാമി പ്രസാദ് മൗര്യക്ക് നേരെ ചെരുപ്പൂരിയെറിഞ്ഞ് യുവാവ്

സമാജ് വാദി പാർട്ടിയുടെ വിവാദ നേതാവ് സ്വാമി പ്രസാദ് മൗര്യക്ക് നേരെ ചെരുപ്പൂരിയെറിഞ്ഞ് യുവാവ്. അഭിഭാഷക വേഷത്തിലെത്തിയ ആകാശ് സൈനി എന്ന യുവാവാണ് പാർട്ടിയുടെ ഒ.ബി.സി മീറ്റിങ്ങിനിടെ മൗര്യക്ക് നേരെ ചെരുപ്പൂരിയെറിഞ്ഞത്. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല. ചെരുപ്പൂരിയെറിയുന്നതിന്‍റേയും യുവാവിനെ പ്രവർത്തകർ അക്രമിക്കുന്നതിന്‍റേയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ഏഷ്യാ കപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിച്ചു

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. കെ.എൽ രാഹുലും ശ്രേയസ് അയ്യരും പ്രസിദ് കൃഷ്ണയും ടീമിൽ തിരിച്ചെത്തിയപ്പോൾ റിസർവിലാണ് മലയാളി താരം സഞ്ജു സാംസണിന്റെ സ്ഥാനം. കഴിഞ്ഞ മാസം വെസ്റ്റിൻഡീസ് പര്യടനത്തിലൂടെ ദേശീയകുപ്പായത്തിൽ അരങ്ങേറ്റം കുറിച്ച തിലക് വർമയും ടീമിൽ ഇടംകണ്ടെത്തിയിട്ടുണ്ട്.

18 അംഗ സംഘത്തെയാണ് ബി.സി.സി.ഐ സെലക്ഷൻ സമിതി തലവൻ അജിത് അഗർക്കർ പ്രഖ്യാപിച്ചത്. ശ്രേയസ് അയ്യരും കെ.എൽ രാഹുലും ഏറെനാളായി ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ റിഹാബ് ക്യാംപിലായിരുന്നു. ഇതിൽ അയ്യർ പൂർണ ഫിറ്റ്‌നെസ് തിരിച്ചെടുത്തിട്ടുണ്ടെന്ന് അഗർക്കർ അറിയിച്ചു. രാഹുലിന് മറ്റു ചില പരിക്കുകളുണ്ട്. ഇതിനാലാണ് റിസർവ് ആയി സഞ്ജുവിനെ കൂടി ഉൾപ്പെടുത്തിയതെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഏഷ്യാകപ്പ് ടീമിൽ ഇടം നഷ്ടപ്പെട്ടതിൽ ചാഹൽ

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം നഷ്ടപ്പെട്ടതിൽ പ്രതികരിച്ച് മുതിർന്ന സ്പിന്നർ യുസ്‌വേന്ദ്ര ചാഹൽ. കാർമേഘത്തിന്റെ മറ നീക്കി പുറത്തുവന്ന സൂര്യന്റെ ഇമോജിയാണ് താരം ട്വിറ്ററിൽ(എക്‌സ്) പങ്കുവെച്ചത്. കുൽദീപ് യാദവാണ് ടീമിലെ സ്പിന്നർ. ടിമിലുള്ള ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജയും അക്‌സർ പട്ടേലും സ്പിൻ ബൗളർമാരാണ്. കുൽദീപ് ചാഹലിനേക്കാൾ മികച്ച് പ്രകടനം നടത്തുകയാണെന്ന് മുഖ്യ സെലക്ടർ അജിത് അഗാർക്കർ വാർത്താസമ്മേളനത്തിൽ സൂചിപ്പിച്ചു.


Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News