മുഷ്ടി ചുരുട്ടി ഇടി, ലാത്തികൊണ്ട് അടി; പട്ടാപ്പകൽ നടുറോഡിൽ ഏറ്റുമുട്ടി പൊലീസുകാർ; അന്വേഷണത്തിന് ഉത്തരവിട്ട് സേന

ഏറ്റുമുട്ടലിനിടെ, ഒരു ഉദ്യോ​ഗസ്ഥൻ വാഹനത്തിൽ നിന്ന് ലാത്തിയെടുത്ത് കൊണ്ടുവന്ന് രണ്ടാമനെ അടിക്കുന്നതും വീഡിയോയിൽ കാണാം.

Update: 2023-09-18 15:00 GMT
Advertising

പട്ന: പട്ടാപ്പകൽ നാട്ടുകാർ നോക്കിനിൽക്കെ നടുറോഡിൽ ഏറ്റുമുട്ടി പൊലീസ് ഉദ്യോ​ഗസ്ഥർ. ബിഹാറിലെ നളന്ദയിൽ തിങ്കളാഴ്ചയാണ് സംഭവം. രണ്ട് പൊലീസ് കോൺസ്റ്റബിൾമാരാണ് റോഡിൽ നിരവധി പേരുടെ കൺമുന്നിൽ തമ്മിലടിച്ചത്. ഇതിന്റെ വീഡിയോ പുറത്തുവന്നു. നളന്ദയിലെ റോഡിന് നടുവിൽ രണ്ട് ഉദ്യോ​ഗസ്ഥർ വഴക്കിടുന്നതും അടിപിടിയിലേർപ്പെടുന്നതും വീഡിയോയിൽ കാണാം.

ഉദ്യോഗസ്ഥരിൽ ഒരാൾ പൊതുജനങ്ങൾക്ക് മുന്നിൽ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ചാണ് തർക്കം ആരംഭിച്ചത്. ആദ്യം കൈകൾ ഉപയോ​ഗിച്ചാണ് ഏറ്റുമുട്ടൽ. ഇരുവരും പരസ്പരം അടിക്കുകയും മുഷ്ടി ചുരുട്ടി ഇടിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ഇതിനിടെ, ഒരു ഉദ്യോ​ഗസ്ഥൻ വാഹനത്തിൽ നിന്ന് ലാത്തിയെടുത്ത് കൊണ്ടുവന്ന് രണ്ടാമനെ അടിക്കുന്നതും തുടർന്ന് ഇരുവരും തമ്മിൽ പിടിവലി നടത്തുന്നതും വീഡിയോയിൽ വ്യക്തമാണ്.

ഇതിനിടെ, അസഭ്യം പറയുകയും പരസ്പരം കഴുത്തിന് പിടിക്കുകയും ചെയ്തു. നിങ്ങളെ സസ്‌പെൻഡ് ചെയ്യുമെന്ന് രം​ഗം കണ്ടുനിന്ന ചിലർ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകുന്നത് വീഡിയോയിൽ കേൾക്കാം. എന്നാൽ, പൊലീസുകാർ ഇതൊന്നും കേൾക്കാൻ കൂട്ടാക്കാതെ ഏറ്റുമുട്ടൽ തുടർന്നു. തുടർന്ന് നാട്ടുകാർ ഇടപെട്ട് ഇവരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

സംഭവം പലരും മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. വൈറലായ വീഡിയോ ശ്രദ്ധയിൽപ്പെട്ട നളന്ദ പൊലീസ്, രണ്ട് ഉദ്യോ​ഗസ്ഥരെയും പൊലീസ് കേന്ദ്രത്തിലേക്ക് അയച്ചതായും അന്വേഷണത്തിന് ഉത്തരവിട്ടതായും അറിയിച്ചു. സമൂഹമാധ്യമമായ എക്സിലൂടെയാണ് പൊലീസിന്റെ പ്രതികരണം. 'രണ്ട് ഉദ്യോ​ഗസ്ഥരെയും പൊലീസ് സെന്ററിലേക്ക് അയച്ചിട്ടുണ്ട്. വിഷയം അന്വേഷിക്കുകയാണ്. അച്ചടക്ക നടപടി സ്വീകരിക്കും'- ട്വീറ്റിൽ പറയുന്നു.

സംഭവത്തിൽ വിമർശനവുമായി നിരവധി പേർ രം​ഗത്തെത്തി. രണ്ടു പേരെയും സസ്പെൻഡ് ചെയ്താൽ പോരെന്നും പിരിച്ചുവിടണമെന്നും നിരവധി പേർ കുറിച്ചു. എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും ദേഷ്യം നിയന്ത്രിക്കാനുള്ള സെഷനുകൾ സേനയിൽ ഉണ്ടാവണമെന്നും ഇത് നാണംകെട്ട നടപടിയാണെന്നും മറ്റു ചിലർ ചൂണ്ടിക്കാട്ടി.




Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News