'കേന്ദ്രം ലജ്ജിക്കണം...'; മണിപ്പൂരിലെ വിദ്യാർത്ഥികളുടെ കൊലപാതകത്തില്‍ പ്രിയങ്കാ ഗാന്ധി
വംശീയ അതിക്രമങ്ങളുടെ ഏറ്റവും വലിയ ഇരകൾ കുട്ടികളാണെന്നും അവരെ സംരക്ഷിക്കുകയെന്നത് നമ്മുടെ കടമയാണെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.
മണിപ്പൂരിൽ വിദ്യാർത്ഥികൾ കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. വംശീയ അതിക്രമങ്ങളുടെ ഏറ്റവും വലിയ ഇരകൾ കുട്ടികളാണെന്നും അവരെ സംരക്ഷിക്കുകയെന്നത് നമ്മുടെ കടമയാണെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. മണിപ്പൂരിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ വാക്കുകൾക്ക് അതീതമാണെന്നും കേന്ദ്രസർക്കാരിന്‍റെ നിഷ്‌ക്രിയത്വത്തിൽ ലജ്ജിക്കണമെന്നും എ.ഐ.സി.സി സെക്രട്ടറി പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
മണിപ്പൂരിൽ ജൂലൈയിൽ കാണാതായ രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ട വിവരം ഇന്നാണ് പുറത്തുവരുന്നത്. മെയ്‌തെയ് വിഭാഗത്തിലെ വിദ്യാർഥികളാണ് കൊല്ലപ്പെട്ടത്. മരിച്ചുകിടക്കുന്ന വിദ്യാർഥികളുടെ പിറകിൽ ആയുധധാരികൾ നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. മണിപ്പൂരിൽ ഇന്‍റർനെറ്റ് പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ് ചിത്രങ്ങൾ പുറത്ത് വന്നത്. കേസിൽ സി.ബി.ഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജൂലൈ ആറിനാണ് കോച്ചിങ് ക്ലാസിലേക്ക് പോയ 17ഉം 20ഉം വയസുള്ള കുട്ടികളെ കാണാതായത്. രണ്ടു ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഒരു ചിത്രത്തില്‍ കുട്ടികള്‍ പേടിച്ച് ഇരിക്കുന്നതും മറ്റൊരു ചിത്രത്തില്‍ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങളും കാണാം. വിദ്യാർഥികൾ കൊല്ലപ്പെട്ടതായി മുഖ്യമന്ത്രിയുടെ ഓഫീസും സ്ഥിരീകരിച്ചു. കൊല ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു.
അക്രമികളെ പിടികൂടാൻ സുരക്ഷാസേനയും തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും കുറ്റകൃത്യത്തിന് ഉത്തരവാദികളാണെന്ന് കണ്ടെത്തുന്നവർക്ക് കടുത്ത ശിക്ഷ നൽകുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. പൊതുജനങ്ങൾ സംയമനം പാലിക്കണമെന്നും അന്വേഷണം നടത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അനുവദിക്കണമെന്നും സർക്കാർ അഭ്യർഥിച്ചു. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ്ങിനോട് വിവരങ്ങൾ തേടിയിട്ടുണ്ട്.
ചിത്രങ്ങൾ പുറത്ത് വന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നിട്ടുണ്ട്.എത്രയും വേഗം പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. കൊലപാതകത്തിന് പിന്നിൽ കുകി വിഭാഗക്കാരാണെന്നാണ് മെയ് തെയ് വിഭാഗക്കാരുടെ ആരോപണം.