സ്വര്‍ണത്തരികള്‍ തേടി മാന്‍ഹോളില്‍ ഇറങ്ങിയ രണ്ടു പേര്‍ ശ്വാസംമുട്ടി മരിച്ചു

സൂറത്തിലെ ഗോപിപുര പ്രദേശത്ത് വ്യാഴാഴ്ചയാണ് സംഭവം

Update: 2022-04-09 02:55 GMT
Editor : Jaisy Thomas | By : Web Desk
Advertising
Click the Play button to listen to article

ഗുജറാത്ത്: ഗുജറാത്തില്‍ സ്വര്‍ണത്തരികള്‍ തേടി മാന്‍ഹോളിലിറങ്ങിയ രണ്ടു പേര്‍ ശ്വാസംമുട്ടി മരിച്ചു. രോഹിത് റാത്തോഡ് (24), കരൺ റാത്തോഡ് (27) എന്നിവരാണ് മരിച്ചത്. സൂറത്തിലെ ഗോപിപുര പ്രദേശത്ത് വ്യാഴാഴ്ചയാണ് സംഭവം.

അംബാജി ക്ഷേത്രത്തിനു സമീപം നിരവധി ചെറിയ സ്വര്‍ണാഭരണ നിര്‍മാണ ശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്വര്‍ണത്തരികള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ രോഹിതും കരണും മാന്‍ഹോളിലേക്ക് ഇറങ്ങുകയായിരുന്നു. മാൻഹോളിന്‍റെ ആഴം ഏകദേശം 10 അടിയാണെന്നും ഇരുവർക്കും ശ്വാസതടസം നേരിടാൻ തുടങ്ങിയപ്പോൾ സഹായത്തിനായി നിലവിളിച്ചെന്നും അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു. ''നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഞങ്ങളുടെ സംഘം സ്ഥലത്തെത്തി അഴുക്കുചാലിൽ പൈപ്പ് വെട്ടിമാറ്റി ആളുകളെ പുറത്തെടുത്തു.അബോധാവസ്ഥയിൽ അവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല'' ചീഫ് ഫയർ ഓഫീസർ ബസന്ത് പരീഖ് പറഞ്ഞു. സംഭവത്തില്‍ അത്വാലിൻസ് പോലീസ് സ്റ്റേഷനിൽ അപകട മരണ റിപ്പോർട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

അഴുക്കുചാലില്‍ നിന്നും സ്വര്‍ണത്തരികള്‍ തേടുക ഇവിടെ പതിവാണെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ''ഈ പ്രദേശത്ത് നിരവധി ആഭരണ നിർമാണ യൂണിറ്റുകൾ ഉള്ളതിനാൽ സ്വർണപ്പൊടികള്‍ അഴുക്കുചാലിലേക്ക് വീഴാന്‍ സാധ്യതയുണ്ട്. പുലർച്ചെ ഒരു മണിയോടെയാണ് ഇരുവരും സ്വർണം തേടി ഇവിടെയെത്തിയത്'' ഒരു പ്രദേശവാസി പറഞ്ഞു. ഈ പ്രദേശത്ത് 20ലധികം ആഭരണ നിര്‍മാണ യൂണിറ്റുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News