മണിപ്പൂരിൽ ഗോത്ര വിഭാഗത്തിൽപ്പെട്ട രണ്ട് യുവതികളെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

മെയ് അഞ്ചിന് ഇംഫാലിലെ ജോലി സ്ഥലത്ത് നിന്ന് വലിച്ചിറക്കിയ ശേഷമാണ് കൊലപാതകം നടത്തിയത്

Update: 2023-07-22 06:05 GMT
Editor : Lissy P | By : Web Desk
Advertising

ഇംഫാൽ: കലാപം തുടരുന്ന മണിപ്പൂരിൽ ഗോത്ര വിഭാഗത്തിൽ പെട്ട രണ്ട് യുവതികളെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കുകി യുവതികളെ ആൾക്കൂട്ടം നഗ്നരാക്കി നടത്തിയ  സംഭവത്തിന്‍റെ തൊട്ടടുത്ത  ദിവസമാണ് ഈ ക്രൂരകൃത്യവും നടന്നത്.മെയ് നാലിനായിരുന്നു കുകി വിഭാഗത്തിൽപെട്ട ഗോത്ര വിഭാഗത്തിൽപ്പട്ട യുവതികളെ നഗ്‌നരായി നടത്തി ലൈംഗികാതിക്രമം നടത്തിയത്.മെയ് അഞ്ചിനാണ്  യുവതികളെ കൊലപ്പെടുത്തിയത്.  ഈ കൊലപാതകത്തില്‍ ഒരുമാസം മുൻപാണ് പൊലീസ് എഫ്.ഐ.ആർ ഇട്ടത്.

കാങ്‌പൊക്പിയിൽ നിന്നുള്ള യുവതികളെയാണ് ബലാത്സംഗം ചെയ്ത് കൊന്നത്.  രണ്ടുമാസമായി അന്വേഷണത്തെകുറിച്ച് ഒരു വിവരവും നൽകുന്നില്ലെന്നും കൊല്ലപ്പെട്ടവരുടെ കുടുംബം ദേശീയമാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇംഫാലിലെ ജോലി സ്ഥലത്ത് നിന്ന് വലിച്ചിറക്കിയാണ് യുവതികളെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ഇവരുടെ ഒരു സുഹൃത്താണ് പീഡനവിവരം വെളിപ്പെടുത്തിയത്.  ഏകദേശം ഒന്നര മണിക്കൂറോളം ആള്‍ക്കൂട്ടം യുവതികളെ പീഡിപ്പിച്ചെന്നും   തുടർന്ന് ജനക്കൂട്ടം രണ്ട് സ്ത്രീകളെയും പുറത്തേക്ക് വലിച്ചിഴച്ച് സമീപത്തെ ഒരു തടിമില്ലിന് സമീപം വലിച്ചെറിഞ്ഞെന്നും സുഹൃത്ത് ടൈംസ് ഓഫ് ഇന്ത്യയോട് വെളിപ്പെടുത്തി.

യുവതികളെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുന്നത് കണ്ടത്. ആശുപത്രിയില്‍ എത്തിയപ്പോള്‍ യുവതികള്‍ മരിച്ചെന്നാണ് വിവരം ലഭിച്ചതെന്നും സുഹൃത്ത് പറയുന്നു . ഈ സുഹൃത്താണ് യുവതികളുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചത്.  സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന ഒരു സംഘം കലാപകാരികൾ ആണ് യുവതികൾക്ക് നേരെ ക്രൂരമായ അക്രമം നടത്തിയത്. യുവതികളെ ലൈംഗികമായി പീഡിപ്പിക്കാൻ സ്ത്രീകൾ സംഘത്തിൽ ഉണ്ടായിരുന്ന പുരുഷന്മാരോട് പ്രേരിപ്പിച്ചിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. യുവതികളെ ആള്‍ക്കൂട്ടം നഗ്നരാക്കി നടത്തിയ സംഭവത്തിന്‍റെ ദൃശ്യങ്ങൾ രണ്ടരമാസത്തിന് ശേഷമായിരുന്നു വ്യാപകമായി പ്രചരിച്ചത്. തുടര്‍ന്ന് രാജ്യത്തുടനീളം പ്രതിഷേധം ഉയരുകയും ചെയ്തു. പിന്നാലെ വ്യാഴാഴ്ചയാണ് പൊലീസ് കേസെടുത്ത് നാലു പ്രതികളെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News