രാജസ്ഥാനിൽ 10ാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠിയുടെ കുത്തേറ്റു; സംഘർഷാവസ്ഥ, നിരോധനാജ്ഞ; ബുൾഡോസർരാജുമായി അധികൃതർ
മുൻകരുതൽ നടപടികളുടെ ഭാഗമായി ഇൻ്റർനെറ്റ് സേവനം വിച്ഛേദിച്ചു.
ജയ്പ്പൂർ: രാജസ്ഥാനിൽ പത്താം ക്ലാസ് വിദ്യാർഥിക്ക് സഹപാഠിയുടെ കുത്തേറ്റു. ഉദയ്പൂരിലെ ഭട്ടിയാനി ചോഹട്ട പ്രദേശത്തെ ഒരു സർക്കാർ സ്കൂളിൽ വെള്ളിയാഴ്ചയാണ് സംഭവം. സംഭവത്തിൽ പ്രതിയായ വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു. വിദ്യാർഥിയുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. സംഭവം പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചതിനെ തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ച ജില്ലാ ഭരണകൂടം ആളുകൾ സംഘം ചേരുന്നതിനും വിലക്കേർപ്പെടുത്തി.
മുൻകരുതൽ നടപടികളുടെ ഭാഗമായി ഇൻ്റർനെറ്റ് സേവനം വിച്ഛേദിച്ചു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ സംഘർഷം ഉടലെടുത്ത സാഹചര്യത്തിൽ ബാപു ബസാർ, ഹാതിപോൽ, ഘൻട ഘർ, ചേതഗ് സർക്കിൾ അടക്കമുള്ള പ്രദേശങ്ങളിലെ മാർക്കറ്റുകൾ അടച്ചിട്ടു.
സംഭവത്തിൽ പ്രതിഷേധവുമായി വിവിധ ഹിന്ദുത്വസംഘടനാ പ്രവർത്തകർ രംഗത്തെത്തി. അക്രമാസക്തമായ പ്രതിഷേധക്കാർ കാറുകൾക്ക് തീയിടുകയും കടകൾക്കു നേരെ കല്ലെറിയുകയും ചെയ്തു. ഒരു ഷോപ്പിങ് മാളിന് നേരെയും കല്ലേറുണ്ടായി. ആക്രമണത്തിൽ മാളിനുള്ളിലെ കടകളുടെ ഗ്ലാസ് ഡോറുകൾ തകർന്നു.
സംഘർഷ സാധ്യതയുടെ പശ്ചാത്തലത്തിൽ നഗരത്തിലെ എല്ലാ സ്കൂളുകളും കോളജുകളും ശനിയാഴ്ച അടച്ചിടാൻ ഉദയ്പൂർ ജില്ലാ കലക്ടർ അരവിന്ദ് പോസ്വാൾ ഉത്തരവിട്ടു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
കുറ്റാരോപിതൻ്റെ വീട് ബുൾഡോസർ ഉപയോഗിച്ച് പൊളിക്കണമെന്നും ഇത്തരം സംഭവങ്ങൾ തടയാൻ ഇത് ആവശ്യമാണെന്നും കുറ്റക്കാരനെതിരെ സർക്കാർ നടപടിയെടുക്കുമെന്നും ബി.ജെ.പി എം.എൽ.എ ഫൂൽ സിങ് മീണ പറഞ്ഞു.
ഇതിനു പിന്നാലെ, കുറ്റക്കാരനായ വിദ്യാർഥിയുടെ വീട് ജില്ലാ ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് തകർത്തു. കുടുംബം താമസിക്കുന്ന വാടകവീട് അനധികൃതമായി നിർമിച്ചതാണെന്ന് ആരോപിച്ചാണ് നടപടി. ഇവിടെ കുറ്റാരോപിതനായ കുട്ടിയും പിതാവുമാണ് താമസിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
പ്രദേശത്ത് വൻ പൊലീസ് സേനയെ വിന്യസിച്ചായിരുന്നു അധികൃതരുടെ നടപടി. ഇവിടെ നിന്നും ഒഴിഞ്ഞുപോവണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രദേശവാസികളും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. അതേസമയം, സഹപാഠി പത്താം ക്ലാസ് വിദ്യാർഥിയെ കുത്തിയതിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ല.