രാജീവ് ഗാന്ധിയുടെ ജന്‍മവാര്‍ഷികാഘോഷങ്ങളില്‍ പവാറും താക്കറെയും പങ്കെടുക്കും

തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാനാണ് സഖ്യത്തിന്‍റെ തീരുമാനം

Update: 2024-08-19 07:25 GMT
Editor : Jaisy Thomas | By : Web Desk
Advertising

മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സഖ്യം. ഷിന്‍ഡെ സര്‍ക്കാരിനെ താഴെയിറക്കി ഭരണം തിരിച്ചുപിടിക്കുക എന്ന ഒറ്റലക്ഷ്യം മാത്രമെ എംവിഎ സഖ്യത്തിനു മുന്നിലുള്ളൂ. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാനാണ് സഖ്യത്തിന്‍റെ തീരുമാനം. കോണ്‍ഗ്രസ് നാളെ മുംബൈയില്‍ സംഘടിപ്പിക്കുന്ന മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്‍മവാര്‍ഷിക ആഘോഷങ്ങളില്‍ എൻസിപി (എസ്പി) നേതാവ് ശരദ് പവാറും ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെയും പങ്കെടുക്കും.

മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റിയും (എംപിസിസി) മുംബൈ റീജിയണൽ കോൺഗ്രസ് കമ്മിറ്റിയും (എംആർസിസി) സെൻട്രൽ മുംബൈയിലെ ഷൺമുഖാനന്ദ ഹാളിൽ സംഘടിപ്പിക്കുന്ന കൺവെൻഷനിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മഹാരാഷ്ട്രയുടെ എഐസിസി ചുമതലയുള്ള രമേശ് ചെന്നിത്തല എന്നിവർക്കൊപ്പം പവാറും താക്കറെയും വേദി പങ്കിടും. മുൻ കോൺഗ്രസ് അധ്യക്ഷൻ കൂടിയായ രാജീവ് ഗാന്ധിയുടെ ജന്മസ്ഥലമാണ് മുംബൈ.ജന്മവാർഷികത്തോടനുബന്ധിച്ച് നിരവധി പരിപാടികളാണ് കോൺഗ്രസ് മുംബൈയിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. ബാന്ദ്ര കുർള കോംപ്ലക്‌സിൽ പാർട്ടി റാലി നടത്തും.

മഹാരാഷ്ട്ര കോണ്‍ഗ്രസ് പ്രസിഡന്‍റ് നാനാ പടോലെ, കോണ്‍ഗ്രസ് ലെജിസ്ലേച്ചര്‍ പാര്‍ട്ടി ലീഡര്‍ ബാലാസാഹേബ് തോറാട്ട്, വിധാൻസഭയിലെ പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാർ, മുംബൈ കോൺഗ്രസ് അധ്യക്ഷയും എംപിയുമായ വർഷ ഗെയ്ക്വാദ് എന്നിവരും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനായി എംവിഎ ഘടകകക്ഷികളായ കോൺഗ്രസ്, എൻസിപി (എസ്‌പി), ശിവസേന (യുബിടി) എന്നിവക്കിടയിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളുടെ പശ്ചാത്തലത്തിലാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. സഖ്യ കക്ഷികള്‍ തമ്മിലുള്ള ഏകോപനം വര്‍ധിപ്പിക്കുന്നതിനായി എംവിഎ സഖ്യം കഴിഞ്ഞ ആഴ്ച മുംബൈയിൽ നേതാക്കളുടെയും ഭാരവാഹികളുടെയും സംയുക്ത യോഗം നടത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ എംവിഎയുടെ മുഖ്യമന്ത്രി മുഖം ആരാണെന്ന് മുൻകൂട്ടി പ്രഖ്യാപിക്കണമെന്ന് താക്കറെ യോഗത്തിൽ സഖ്യത്തോട് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസിൽ നിന്നോ എൻസിപിയിൽ നിന്നോ (എസ്പി) ഏത് നേതാവിനെയും പിന്തുണയ്ക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News