പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം; അഞ്ച് വിമത നേതാക്കളെ പുറത്താക്കി താക്കറെ
ഇരു മുന്നണികളിലും ആയി 60ലധികം വിമതരാണ് പത്രിക സമർപ്പിച്ചിരുന്നത്
മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ ശിവസേന(യുബിടി)യില്‍ നിന്ന് ആറ് വിമത നേതാക്കളെ പുറത്താക്കി. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ഇവരെ സേന തലവന്‍ ഉദ്ധവ് താക്കറെ പുറത്താക്കിയത്. നവംബർ 20ന് നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പിന് സമർപ്പിച്ച നാമനിർദേശ പത്രിക പിൻവലിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അഞ്ച് നേതാക്കളെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഭിവണ്ടി ഈസ്റ്റ് എംഎൽഎ രൂപേഷ് മാത്രെ, വിശ്വാസ് നന്ദേക്കർ, ചന്ദ്രകാന്ത് ഘുഗുൽ, സഞ്ജയ് അവാരി, പ്രസാദ് താക്കറെ എന്നിവരാണ് പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയ നേതാക്കള്‍. മഹാവികാസ് അഘാഡി സഖ്യത്തിൽ നിന്ന് 14 നേതാക്കൾ പാർട്ടി നിർദേശം ലംഘിച്ച് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു.എന്നാൽ, തിങ്കളാഴ്ച പൂനെയിലെ കസ്ബ പേഠ് നിയമസഭാ മണ്ഡലത്തിൽ നിന്ന് കോൺഗ്രസിൻ്റെ മുഖ്താർ ഷെയ്ഖ് പിന്മാറുകയും പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥി രവീന്ദ്ര ധങ്കേക്കറിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
കോലാപൂർ നോർത്തിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർഥിയായ മധുരിമ രാജെ ഛത്രപതിയും സമയപരിധിക്ക് മിനിറ്റുകൾക്ക് മുമ്പ് പിൻമാറിയിരുന്നു. ഇതോടൊപ്പം. നാസിക് സെൻട്രലിൽ നിന്ന് ഹേമലതാ പാട്ടീൽ, ബൈക്കുളയിൽ നിന്ന് മധു ചവാൻ, നന്ദുർബാറിൽ നിന്ന് വിശ്വനാഥ് വാൽവി എന്നിവരും പത്രിക പിൻവലിച്ചു. മറാഠ ക്വാട്ട പ്രവർത്തകനായ മനോജ് ജരാങ്കെയും മത്സരത്തിൽ നിന്ന് പിന്മാറുകയും നിയമസഭാ തെരഞ്ഞെടുപ്പിൽ പാർവതി, ദൗണ്ട് എന്നീ രണ്ട് സ്ഥാനാർഥികൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
288 സീറ്റുകളിലായി 4140 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാൾ 28 ശതമാനത്തിന്‍റെ വർധനവാണ് സ്ഥാനാർഥികളുടെ എണ്ണത്തിൽ ഉണ്ടായത്. അതേസമയം ഒരു പരിധി വരെ വിമത സ്ഥാനാർഥികളെ പിൻവലിപ്പിക്കാനായത് മഹായുതി സഖ്യത്തിനും കോണ്‍ഗ്രസും ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും എന്‍സിപി(ശരദ് പവാര്‍) അടങ്ങുന്ന മഹാ വികാസ് അഘാഡിക്കും ആശ്വാസം പകരുന്നുണ്ട്.
ഇരു മുന്നണികളിലും ആയി 60ലധികം വിമതരാണ് പത്രിക സമർപ്പിച്ചിരുന്നത്. എന്നാൽ മഹാ വികാസ് അഘാഡിയിൽ നിന്ന് 21 വിമതരും മഹായുതി സഖ്യത്തിൽ നിന്ന് 24 വിമതരും പത്രിക പിൻവലിച്ചിരുന്നു. എന്നാൽ ചില സീറ്റുകളിൽ വിമതരുടെ സാന്നിധ്യം പാർട്ടികൾക്ക് വെല്ലുവിളിയാകും. ദേശീയ നേതാക്കൾ അടക്കം രംഗത്തിറക്കി പ്രതിസന്ധി മറികടക്കാനാണ് മുന്നണികളുടെ ലക്ഷ്യം. നവംബർ 20 ന് ഒറ്റ ഘട്ടമായിട്ടാണ് മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ്. നവംബര്‍ 23നാണ് വോട്ടെണ്ണല്‍.