എന്‍.ഡി.എ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാന്‍ ഉദ്ധവ് താക്കറെ നിര്‍ബന്ധിതനായി: യശ്വന്ത് സിന്‍ഹ
പ്രതിപക്ഷത്തുള്ള ഉദ്ധവ് താക്കറെ, ശിവസേന എംപിമാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ദ്രൗപതി മുർമുവിന് പിന്തുണ പ്രഖ്യാപിച്ചു
ഗുവാഹത്തി: എൻ.ഡി.എ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപതി മുർമുവിന് പിന്തുണ നൽകാൻ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിർബന്ധിതനായെന്ന് യശ്വന്ത് സിൻഹ. പ്രതിപക്ഷത്തിന്‍റെ സംയുക്ത രാഷ്ട്രപതി സ്ഥാനാര്‍ഥിയാണ് യശ്വന്ത് സിന്‍ഹ.
തുടക്കത്തിൽ പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാർഥിയെ പിന്തുണച്ച ഉദ്ധവ് താക്കറെ, ശിവസേന എംപിമാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ദ്രൗപതി മുർമുവിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ശിവസേനയിലെ 16 എംപിമാരാണ് ഈ ആവശ്യം ഉന്നയിച്ചത്.
"നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഞാൻ ദ്രൗപതി മുർമുവിനെ പിന്തുണയ്ക്കാൻ പാടില്ലായിരുന്നു, പക്ഷേ ഞങ്ങൾ ഇടുങ്ങിയ ചിന്താഗതിക്കാരല്ല" എന്നാണ് ഉദ്ധവ് താക്കറെ പറഞ്ഞത്. അതേസമയം ഉദ്ധവിന്‍റെ തീരുമാനം ശിവസേനയിലെ വര്‍ധിച്ചുവരുന്ന ഭിന്നത തടയുന്നതിന്‍റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍.
ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമതനീക്കത്തിന്‍റെ ഭാഗമായി ഉദ്ധവ് സര്‍ക്കാര്‍ നിലംപതിച്ചിരുന്നു. 55 ശിവസേന എംഎൽഎമാരിൽ 40 പേരും ഷിൻഡെയെ പിന്തുണച്ചു. ആറ് എംപിമാരുടെ പിന്തുണയും ഷിന്‍ഡെയ്ക്കാണ്.
രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷത്തെ ദുർബലപ്പെടുത്താൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നതായി യശ്വന്ത് സിൻഹ ആരോപിച്ചു- "എല്ലാം എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്റെ ദുരുപയോഗമാണ്. ഏജൻസികളെ ഉപയോഗിച്ച് അവർ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ താഴെയിറക്കുകയാണ്" .
തൃണമൂൽ കോൺഗ്രസും മമത ബാനർജിയും തന്നെ പൂർണമായി പിന്തുണയ്ക്കുന്നുണ്ടെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു. ആം ആദ്മി പാർട്ടിയും പിന്തുണയ്ക്കും. പ്രതിപക്ഷ ക്യാമ്പിലെ ശിവസേന മാത്രമാണ് എന്‍.ഡി.എ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാതിരുന്ന തെലങ്കാന രാഷ്ട്ര സമിതിയും തനിക്ക് പിന്തുണ പ്രഖ്യാപിച്ചെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു.
ഇതിനകം പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച പാർട്ടികളുടെ കണക്കെടുക്കുമ്പോൾ, ദ്രൗപതി മുർമുവിന് ഇലക്ടറൽ കോളേജ് വോട്ടുകളുടെ 60 ശതമാനത്തിലധികം ലഭിക്കും. ശിവസേനയെ കൂടാതെ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ ബിജു ജനതാദളും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡും പട്ടികയിലുണ്ട്.