'നിയമസഭാ തെരഞ്ഞെടുപ്പിലും എം.വി.എ ഒന്നിച്ചുതന്നെ പോരാടും'; വ്യക്തമാക്കി ഉദ്ദവ് താക്കറെ
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കു മത്സരിക്കുമെന്നു കഴിഞ്ഞ ദിവസം മഹാരാഷ്ട്രാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ നാനാ പടോലെ വ്യക്തമാക്കിയിരുന്നു
മുംബൈ: മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഉദ്ദവ് താക്കറെ. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയ കോണ്‍ഗ്രസ്, ഉദ്ദവ് ശിവസേന, എന്‍.സി.പി ഉള്‍പ്പെട്ട മഹാവികാസ് അഘാഡി(എം.വി.എ) സഖ്യം നിയമസഭാ തെരഞ്ഞെടുപ്പില്‍ 288 സീറ്റിലും തുടരും. കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന എം.വി.എ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ഉദ്ദവ് തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസ് നേതാക്കളായ പൃഥ്വിരാജ് ചവാന്‍, ബാലാസാഹെബ് തോറാട്ട്, എന്‍.സി.പി തലവന്‍ ശരത് പവാര്‍, ഉദ്ദവ് സേന നേതാക്കളായ സഞ്ജയ് റാവത്ത്, ആദിത്യ താക്കറെ എന്നിവരെ സാക്ഷിനിര്‍ത്തിയായിരുന്നു പ്രഖ്യാപനം. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കു മത്സരിക്കുമെന്നു കഴിഞ്ഞ ദിവസം മഹാരാഷ്ട്രാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി(എം.പി.സി.സി) അധ്യക്ഷന്‍ നാനാ പടോലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, പാര്‍ട്ടി നിലപാടിനു വിരുദ്ധമായാണ് പ്രസിഡന്റിന്റെ പരാമര്‍ശമെന്നു നില നേതാക്കള്‍ ഇതിനോട് പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഉദ്ദവ് മുന്നണിയുടെ നിലപാട് വ്യക്തമാക്കിയത്.
എം.വി.എ സഖ്യം കാരണമാണ് ബി.ജെ.പി വിരുദ്ധ വോട്ടുകളെല്ലാം ഏകീകരിച്ചതെന്നും ലോക്‌സഭയില്‍ വിജയിച്ച ഫോര്‍മുല നിയമസഭയില്‍ തുടരുന്നില്ലെന്നു പറയുന്നതില്‍ ഒരു ന്യായവുമില്ലെന്നുമാണ് ഒരു കോണ്‍ഗ്രസ് നേതാവ് 'ഫ്രീപ്രസ് ജേണലി'നോട് പ്രതികരിച്ചത്. പടോലെ പാര്‍ട്ടിയുടെ നിലപാടല്ല, സ്വന്തം കാര്യമാണു പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. പടോലെയ്‌ക്കെതിരെ ഹൈക്കമാന്‍ഡിനെ സമീപിക്കാനും ഒരു വിഭാഗം നേതാക്കള്‍ ആലോചിക്കുന്നുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുന്‍പും നാനാ പടോലെയെ മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നു നീക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് കഴിയുംവരെ നേതൃത്വം കാത്തിരിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പുതിയ പ്രസ്താവന വരുന്നത്. ഇന്നലെ നടന്ന എം.വി.എ വാര്‍ത്താ സമ്മേളനത്തില്‍ പടോലെ പങ്കെടുക്കാതിരുന്നതും ചര്‍ച്ചയായിട്ടുണ്ട്.
Summary: Uddhav Thackeray declares MVA will jointly contest upcoming assembly elections for 288 seats in Maharashtra