ഉദ്ധവ് താക്കറെയുടെ സഹോദരപുത്രൻ നിഹാർ താക്കറെ ഏക്‌നാഥ് ഷിൻഡെയെ കണ്ടു; മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയനീക്കം
മുംബൈയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയാണ് നിഹാർ. ബിജെപി നേതാവ് ഹർഷ വർധൻ പാട്ടീലിന്റെ മകൾ അങ്കിത പാട്ടീലാണ് നിഹാറിന്റെ ഭാര്യ.
മുംബൈ: ശിവസേന സ്ഥാപകൻ ബാൽതാക്കറെയുടെ പേരക്കുട്ടിയും ഉദ്ധവ് താക്കറെയുടെ ജ്യേഷ്ഠസഹോദര പുത്രനുമായ നിഹാർ താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയെ സന്ദർശിച്ചു. ഷിൻഡെക്ക് എല്ലാവിധ പിന്തുണയും നിഹാർ വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ട്.
ബാൽ താക്കറെയുടെ മൂത്തപുത്രൻ ബിന്ദുമാധവ് താക്കറെയുടെ മകനാണ് നിഹാർ താക്കറെ. സിനിമാ നിർമാതാവായിരുന്ന ബിന്ദുമാധവ് താക്കറെ 1996ൽ ഒരു റോഡപകടത്തിലാണ് മരിച്ചത്. അദ്ദേഹം രാഷ്ട്രീയരംഗത്ത് സജീവമായിരുന്നില്ല.
നിഹാറിന്റെ സന്ദർശനം പുതിയ രാഷ്ട്രീയനീക്കമായാണ് വിലയിരുത്തപ്പെടുന്നത്. മുംബൈയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയാണ് നിഹാർ. ബിജെപി നേതാവ് ഹർഷ വർധൻ പാട്ടീലിന്റെ മകൾ അങ്കിത പാട്ടീലാണ് നിഹാറിന്റെ ഭാര്യ.
ശിവസേനക്കകത്ത് ഉദ്ധവ് പക്ഷവും ഷിൻഡെ പക്ഷവും തമ്മിൽ ബലപരീക്ഷണം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ താക്കറെ കുടുംബത്തിൽനിന്ന് പിന്തുണ ലഭിക്കുന്നത് ഏക്‌നാഥ് ഷിൻഡെക്ക് കൂടുതൽ കരുത്ത് പകരും. ശിവസേന പ്രവർത്തകർക്കിടയിൽ സ്വാധീനം വർധിപ്പിക്കാൻ ഇത് സഹായിക്കുമെന്നും ഷിൻഡെ പക്ഷം കരുതുന്നു.