'തമിഴ്‌നാട്ടിൽ തമിഴ്- കേരളത്തിൽ മലയാളം, ഈ സംസ്ഥാനങ്ങളെ ഹിന്ദി എങ്ങനെയാണ് ഒന്നിപ്പിക്കുന്നത് ?'; അമിത്ഷാക്കെതിരെ ഉദയനിധി സ്റ്റാലിൻ
നാലോ അഞ്ചോ സംസ്ഥാനങ്ങളിൽ സംസാരിക്കുന്ന ഹിന്ദി രാജ്യത്തെ മുഴുവൻ ഒന്നിപ്പിക്കുമെന്ന് പറയുന്നത് അസംബന്ധമാണെന്നും ഉദയനിധി
ചെന്നൈ: ഹിന്ദി ഭാഷ ഇന്ത്യയെ ഒന്നിപ്പിക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹിന്ദി ദിവസ് സന്ദേശത്തിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ. ഹിന്ദി ഭാഷ ഇന്ത്യയെ ഒന്നിപ്പിക്കുമെന്ന് പറയുന്നത് അസംബന്ധമാണെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
'ഹിന്ദി ഇന്ത്യയുടെ ഏകീകൃത ശക്തിയാണെന്നും അത് മറ്റ് പ്രാദേശിക ഭാഷകളെ ശാക്തീകരിക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയെ ഞാൻ ശക്തമായി അപലപിക്കുന്നു. പതിവു പോലെ ഹിന്ദിയോടുള്ള സ്‌നേഹം ചൊരിഞ്ഞുകൊണ്ട് ഹിന്ദി ഇന്ത്യയുടെ വൈവിധ്യത്തെ ഒന്നിപ്പിക്കുന്നുവെന്നും പ്രാദേശിക ഭാഷകളെ ശാക്തീകരിക്കുവെന്നുമാണ് അമിത് ഷാ പറഞ്ഞത്. രാജ്യത്ത് നാലോ അഞ്ചോ സംസ്ഥാനങ്ങളിൽ മാത്രമേ ഹിന്ദി സംസാരിക്കുന്നുള്ളൂ എന്നതിനാൽ അമിത് ഷായുടെ പ്രസ്താവന തീർത്തും അസംബന്ധമാണ്. ഹിന്ദി പഠിച്ചാൽ മുന്നേറാമെന്ന ആക്രോശത്തിന്റെ ബദല്‍ രൂപമാണിത്. നമ്മൾ ഇവിടെ തമിഴ് സംസാരിക്കുമ്പോൾ കേരളത്തില്‍ മലയാളമാണ് സംസാരിക്കുന്നത്. ഈ രണ്ടു സംസ്ഥാനങ്ങളെ ഹിന്ദി എവിടെയാണ് ഒന്നിക്കുന്നത്? ശാക്തീകരണം എവിടെയാണ് വരുന്നത് ? ഹിന്ദി ഇതര ഭാഷകളെ പ്രാദേശിക ഭാഷകൾ എന്ന് പറഞ്ഞ് തരം താഴ്ത്തുന്നത് അമിത് ഷാ അവസാനിപ്പിക്കണം'. ഉദയനിധി സ്റ്റാലിൻ സാമൂഹ്യമാധ്യമായ എക്‌സിൽ( ട്വീറ്റര്‍) കുറിച്ചു. # StopHindiImposition എന്ന ടാഗോടെ തമിഴിലും ഇംഗ്ലീഷിലുമായായിരുന്നു ഉദയനിധിയുടെ ട്വീറ്റ്.
ഹിന്ദി ജനകീയ ഭാഷയാണെന്നും പ്രാദേശിക ഭാഷകളെ ശക്തിപ്പെടുത്താൻ ഹിന്ദിക്ക് കഴിയുമെന്നുമെന്നുമായിരുന്നു ഹിന്ദി ദിവസ് സന്ദേശത്തിൽ അമിത് ഷാ പറഞ്ഞത്.