‘രാമക്ഷേത്രത്തിന് ഡിഎംകെ എതിരല്ല’; ബാബരി മസ്ജിദ് തകർത്ത് ക്ഷേത്രം പണിതതിനെയാണ് പാർട്ടി എതിർക്കുന്നതെന്ന് ഉദയനിധി സ്റ്റാലിൻ
മതത്തെക്കുറിച്ചും അയോധ്യയിലെ രാമക്ഷേത്രത്തെക്കുറിച്ചും ഡിഎംകെയുടെ നിലപാട് കലൈഞ്ജർ പതിറ്റാണ്ടുകൾക്ക് മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്’
ചെന്നൈ: ബാബരി മസ്ജിദ് തകർത്ത് രാമക്ഷേത്രം നിർമ്മിച്ചതിനോടാണ് പാർട്ടിക്ക് യോജിപ്പില്ലാത്തതെന്ന് ദ്രാവിഡ മുന്നേറ്റ കഴകം പാർട്ടി നേതാവും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. രാമക്ഷേത്രത്തിന് എതിരല്ല പാർട്ടി. പക്ഷെ പള്ളിപൊളിച്ചിട്ടല്ല അമ്പലം പണിയേണ്ടതെനന്നാണ് പാർട്ടിയുടെ നിലപാട്. ഇത് ഒരു മതത്തിനുമെതിരെല്ലെന്നും അദ്ദേഹം പറഞ്ഞു.
മതത്തെക്കുറിച്ചും അയോധ്യയിലെ രാമക്ഷേത്രത്തെക്കുറിച്ചും ഡിഎംകെയുടെ നിലപാട് പതിറ്റാണ്ടുകൾക്ക് മുമ്പ് പാർട്ടി നേതാവ് എം കരുണാനിധി വ്യക്തമാക്കിയതാണ്. ഡിഎംകെ ഒരു വിശ്വാസത്തിനും എതിരല്ലെന്ന് കലൈഞ്ജറുടെ നിലപാട്. അവിടെ രാമക്ഷേത്രം പണിയുന്നതിൽ പാർട്ടിക്ക് ഒരു പ്രശ്നവുമില്ല. ബാബരി മസ്ജിദ് തകർത്ത് അവിടെ ക്ഷേത്രം നിർമിക്കുന്നതിനോട് ഞങ്ങൾക്ക് യോജിക്കാനാവില്ല.
മസ്ജിദ് തകർക്കുന്നതിനെ ഞങ്ങൾ എതിർത്തിട്ടുണ്ട്. രാഷ്ട്രീയവും മതവും കൂട്ടിക്കുഴയ്ക്കുന്നതിനെ പിന്തുണക്കില്ലെന്നതാണ് പാർട്ടിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നത് വ്യക്തിപരമായ തീരുമാനമാണെന്ന പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസ്വാമിയുടെ പ്രസ്താവനയ്‌ക്കെതിരെയും ഉദയനിധി രംഗത്തെത്തി. അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്ര സമരകാലത്ത് എ.ഐ.എ.ഡി.എം.കെ അയോധ്യയിലേക്ക് കർസേവകരെ അയച്ചിരുന്നുവെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനുവരി 22 ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം ബിജെപി രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് ഡിഎംകെ നേതൃത്വം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ഉദയനിധിയുടെ പ്രതികരണം വന്നത്.
.