100 വര്‍ഷങ്ങള്‍ക്ക് ശേഷം ഹൈദരാബാദ് നിസാമിന്‍റെ വാള്‍ ബ്രിട്ടണ്‍ ഇന്ത്യക്ക് തിരികെ നല്‍കുന്നു
ബ്രിട്ടന്‍റെ ഗ്ലാസ്‌ഗോ ലൈഫാണ് വാള്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നത്
ന്യൂഡൽഹി: 100 വർഷങ്ങൾക്ക് മുമ്പ് ബ്രിട്ടീഷ് ആർമി ജനറലിന് സമ്മാനിക്കുകയോ വിൽക്കുകയോ ചെയ്തതായി കരുതപ്പെടുന്ന ഹൈദരാബാദ് സുൽത്താന്‍ മെഹബൂബ് അലി ഖാന്‍റെ പതിനാലാം നൂറ്റാണ്ടിലെ വാൾ ഇന്ത്യയിലേക്ക് തിരികെയെത്തുന്നു. ബ്രിട്ടന്‍റെ ഗ്ലാസ്‌ഗോ ലൈഫാണ് വാള്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നത്.
സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ് ബ്രിട്ടനിലെത്തിയ രാജ്യത്തെ അമൂല്യമായ ആറ് പുരാവസ്തുക്കൾക്കൊപ്പമാണ് മെഹ്ബൂബ് ഖാന്‍റെ വാളുമുള്ളത്. ഇന്ത്യൻ ഹൈക്കമ്മീഷനും ഗ്ലാസ്‌ഗോയിലെ മ്യൂസിയങ്ങൾ നിയന്ത്രിക്കുന്ന യുണൈറ്റഡ് കിംഗ്‌ഡത്തിലെ ഗ്ലാസ്‌ഗോ ലൈഫും തമ്മിൽ ഒപ്പുവച്ച കരാറിനെ തുടർന്നാണ് ഇവ രാജ്യത്തിന് തിരികെ ലഭിക്കുന്നത്. തിരികെയെത്തിക്കുന്ന വസ്‌തുക്കൾ ഇന്ത്യയിൽ നിന്ന് മോഷ്‌ടിക്കപ്പെട്ടതാണെന്നാണ് പറയപ്പെടുന്നത്. 19-ാം നൂറ്റാണ്ടിൽ കൊൽക്കത്ത, കാൺപൂർ, ബിഹാർ, ഗ്വാളിയോർ തുടങ്ങിയ സ്ഥലങ്ങളിലെ ആരാധനാലയങ്ങളിൽ നിന്നുമാണ് ഈ ആറ് വസ്തുക്കളും കൊള്ളയടിക്കപ്പെട്ടത്. എന്നാൽ ഇവയ്ക്കൊപ്പമുള്ള വാളിന്‍റെ ഏറ്റെടുക്കൽ രേഖയിൽ മഹാരാജ കിഷൻ പർഷാദിൽ നിന്ന് വാങ്ങിയതാണെന്ന് സൂചിപ്പിക്കുന്നുണ്ട്.
ബോംബെ കമാൻഡിന്‍റെ കമാൻഡർ-ഇൻ-ചീഫ് ജനറലായിരുന്ന ആർച്ചിബാൾഡ് ഹണ്ടർ (1903-1907) ഹൈദരാബാദ് പ്രധാനമന്ത്രി മഹാരാജാ സർ കിഷൻ പെർഷാദ് ബഹാദൂർ യാമിനിൽ നിന്ന് 1905ൽ ഈ വാൾ കൈപ്പറ്റിയിരുന്നതായി ഗ്ലാസ്ഗോ ലൈഫ് കമ്യൂണിക്കേഷൻ ഓഫീസർ ജോനാഥൻ റെയ്ലി പറഞ്ഞു. പിന്നീട് 1978ൽ ഹണ്ടറുടെ അനന്തരവൻ ആർച്ചിബാൾഡ് ഹണ്ടർ സർവീസ്, ഗ്ലാസ്ഗോ ലൈഫ് മ്യൂസിയങ്ങളുടെ ശേഖരങ്ങളിലേക്ക് വാൾ സംഭാവന ചെയ്യുകയായിരുന്നു. നിസാമിന്‍റെ വാള്‍ എന്ന് ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുമെന്ന് അറിയില്ലെന്ന് സലാർ ജംഗ് മ്യൂസിയം ഡയറക്ടർ എ.നാഗേന്ദർ റെഡ്ഡി പറഞ്ഞു. ഹൈദരാബാദിൽ എത്തിച്ചാൽ സലാർ ജങ് മ്യൂസിയത്തിൽ പ്രദർശിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.