യുക്രൈൻ രക്ഷാദൗത്യം; 249 പേരുമായി അഞ്ചാം വിമാനം ഡൽഹിയിലെത്തി, യാത്രികരിൽ 12 മലയാളികളും
റഷ്യൻ ആക്രമണം അതിരൂക്ഷമായ സാഹചര്യത്തിൽ യുക്രൈനിൽ നിന്നും തിരിച്ച മലയാളി വിദ്യാർഥികളുടെ ആദ്യം സംഘം ഇന്നലെ കൊച്ചിയിലെത്തിയിരുന്നു
യുക്രൈൻ രക്ഷാദൗത്യത്തിന്റെ ഭാഗമായി റൊമേനിയയിലെ ബുക്കാറസ്റ്റിൽ നിന്നുള്ള അഞ്ചാം വിമാനം ഡൽഹിയിലെത്തി. 249 പേരെ വഹിച്ചുകൊണ്ടുള്ള വിമാനമാണ് ഇന്ന് ഡൽഹിയിലെത്തിയത്. 12 മലയാളികളും വിമാനത്തിലുണ്ട്. ഇതോടെ 1156 പേരെയാണ് രാജ്യത്തെത്തിച്ചത്.
അതേസമയം യുക്രൈനിലെ ഇന്ത്യക്കാരായ വിദ്യാർഥികൾക്ക് അതിർത്തി കടക്കുന്നതിന് പോളണ്ട് സർക്കാർ വ്യവസ്ഥകൾ ഉദാരമാക്കിയിരുന്നു. ഇനി ഇന്ത്യൻ വിദ്യാർഥികൾക്ക് വിസയില്ലാതെ പോളണ്ട് അതിർത്തി കടക്കാം.യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാതലത്തിൽ കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾ പോളണ്ട് അതിർത്തി കടന്നിരുന്നു. പോളണ്ട് അധികൃതരുമായി ഇന്ത്യൻ എംബസി ചർച്ച നടത്തിയതിനെ തുടർന്നാണ് മലയാളികളടക്കമുള്ള ഇന്ത്യൻ വിദ്യാർഥികൾക്ക് നേരത്തെ അതിർത്തി കടക്കാനായത്.
യുക്രൈൻ-പോളണ്ട് അതിർത്തിയിൽ എത്തിയ ഇന്ത്യക്കാരുൾപ്പെടെയുള്ളവരെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ചത് വാർത്തയായിരുന്നു. ഇതിനെത്തുടർന്നാണ് ഇന്ത്യൻ എംബസി വിഷയത്തിൽ ഇടപെട്ടത്. യുക്രൈൻ പോളണ്ട് അതിർത്തിയായ ഷെയിനി മെഡിക്കയിൽ വച്ചാണ് വിദ്യാർഥികളടക്കമുള്ളവർക്കുനേരെ മർദനമുണ്ടായത്.
റഷ്യൻ ആക്രമണം അതിരൂക്ഷമായ സാഹചര്യത്തിൽ യുക്രൈനിൽ നിന്നും തിരിച്ച മലയാളി വിദ്യാർഥികളുടെ ആദ്യം സംഘം ഇന്നലെ കൊച്ചിയിലെത്തിയിരുന്നു. 11 മലയാളി വിദ്യാർഥികളാണ് ഇന്നലെ കൊച്ചിയിലെത്തിയത്. യുദ്ധമുഖത്തു നിന്നും സ്വന്തം നാട്ടിലെത്തിയ സന്തോഷത്തിലാണ് മലയാളി വിദ്യാർഥികൾ. മുംബൈയിലെത്തിയത് മുതലുള്ള എല്ലാ ചെലവുകളും സർക്കാർ വഹിക്കുകയായിരുന്നുവെന്ന് വിദ്യാർഥികൾ മാധ്യമങ്ങളോട് പറഞ്ഞു.