ഐഫോണിനു നല്‍കാന്‍ പണമില്ല; ഡെലിവറി ബോയിയെ കൊന്ന് കത്തിച്ച യുവാവ് പിടിയില്‍
കത്തിക്കുന്നതിന് മുമ്പ് യുവാവ് മൃതദേഹം മൂന്ന് ദിവസം തന്‍റെ വസതിയിൽ സൂക്ഷിച്ചതായി പൊലീസ് പറഞ്ഞു
ബെംഗളൂരു: ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തു വരുത്തിയ ഐഫോണിനു നല്‍കാന്‍ പണമില്ലാത്തതിനാല്‍ ഇരുപതുകാരന്‍ ഇകാര്‍ട്ട് ഡെലിവറി ബോയിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചു. കര്‍ണാടകയിലെ ഹാസനിലാണ് സംഭവം. കത്തിക്കുന്നതിന് മുമ്പ് യുവാവ് മൃതദേഹം മൂന്ന് ദിവസം തന്‍റെ വസതിയിൽ സൂക്ഷിച്ചതായി പൊലീസ് പറഞ്ഞു.
ഫെബ്രുവരി ഏഴിന് ഹാസനിലെ അരസിക്കരെയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ ഹേമന്ത് ദത്ത് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡെലിവറി ബോയ് ആയ ഹേമന്ത് നായികാണ് കൊല്ലപ്പെട്ടത്. നായികിന് നിരവധി തവണ കുത്തേറ്റതായാണ് റിപ്പോര്‍ട്ട്. ഇയാള്‍ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. സെക്കന്‍റ് ഹാൻഡ് ഐഫോൺ നൽകാനായി ദത്തിന്‍റെ വസതിയിൽ എത്തിയപ്പോൾ നായികിനോട് പ്രതി വീടിനുള്ളില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടു. മുറിയിൽ നിന്ന് പണവുമായി ഉടൻ മടങ്ങിവരാമെന്നും പറഞ്ഞു. തുടര്‍ന്ന് കത്തിയുമായി വന്ന ദത്ത് ഡെലിവറി ബോയിയെ ഒന്നിലധികം തവണ കുത്തുകയായിരുന്നു.പിന്നീട് പ്രതി മൃതദേഹം ചാക്കിൽ കെട്ടി മൂന്നു ദിവസത്തോളം വീട്ടില്‍ സൂക്ഷിച്ചു. പട്ടണത്തിന്റെ പ്രാന്തപ്രദേശത്ത് എവിടെയെങ്കിലും മൃതദേഹം കത്തിക്കാനായിരുന്നു പദ്ധതി.
മൃതദേഹം ഇരുചക്രവാഹനത്തില്‍ റെയില്‍വെ സ്റ്റേഷനിലേക്ക് കൊണ്ടുപോയാണ് പെട്രോള്‍ ഒഴിച്ചു കത്തിച്ചത്. ദത്ത് പെട്രോൾ വാങ്ങുന്നതും മൃതദേഹം കൊണ്ടുപോകുന്നതും സിസിടിവിയിൽ പതിഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹാസൻ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.