തൊഴിലില്ല; അലഹബാദിൽ യോഗിക്കെതിരെ തെരുവിലിറങ്ങി ആയിരങ്ങൾ
നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കി യുവാക്കള്‍ സമരരംഗത്തിറങ്ങുന്നത്
ലഖ്‌നൗ: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ യുപിയിൽ യോഗി ആദിത്യനാഥ് സർക്കാറിനെതിരെ തെരുവിലിറങ്ങി ആയിരങ്ങൾ. തൊഴിൽ രഹിതരായ ചെറുപ്പക്കാരാണ് അലഹബാദിൽ (പ്രയാഗ് രാജ്) സർക്കാറിനെതിരെ മുദ്രാവാക്യവുമായി പ്രകടനം നടത്തിയത്. ആയിരങ്ങളാണ് പ്രതിഷേധത്തിൽ അണി നിരന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ എകോണമി(സിഎംഐഇ)യുടെ ഏറ്റവും പുതിയ കണക്കു പ്രകാരം 4.9 ശതമാനമാണ് യുപിയിലെ തൊഴിലില്ലായ്മാ നിരക്ക്. ബിജെപി അധികാരത്തിലിരിക്കുന്ന ഹരിയാനയാണ് ഏറ്റവും മുമ്പിൽ 34.1 ശതമാനം. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ തൊട്ടുപിന്നിലുണ്ട്, 24.1 ശതമാനം.
സംസ്ഥാനത്ത് 25 ലക്ഷം സർക്കാർ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു എന്നാണ് വിവിധ ഏജൻസികളുടെ കണക്കുകൾ. തസ്തികകളിലേക്ക് അടിയന്തര റിക്രൂട്ട്‌മെന്റ് നടത്തണമെന്ന് ഈയിടെ യുവജനസംഘടനകൾ ആവശ്യപ്പെട്ടിരുന്നു. 2016ലെ 17 ശതമാനത്തിൽ നിന്ന് സംസ്ഥാനത്തെ തൊഴിലില്ലായ്മാ നിരക്ക് നാലു ശതമാനമായി കുറച്ചു എന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെടുന്നത്.
Unemployed youths in Prayagraj on Tuesday night carried out the Berojgari yaatra (rally of unemployed). On the other hand the goverment has claimed that it has provided jobs to over 4.5lakh youths since 2017
— Saurabh Sharma (@saurabhsherry) January 5, 2022
Meanwhile the Unemployment rate rose to 7.91% in Dec. vc @Local74128980 pic.twitter.com/HRDRvCoKXw
എന്നാൽ ഇത് വസ്തുതകൾക്ക് നിരക്കുന്നതല്ല എന്നാണ് സിഎംഐഇ പഠനം പറയുന്നത്. 2016ൽ പതിനെട്ടു ശതമാനം വരെ തൊഴില്ലായ്മാ നിരക്ക് ഉയർന്നിരുന്നു എങ്കിലും പിന്നീട് തുടർച്ചയായ മാസങ്ങളിൽ നിരക്ക് കുത്തനെ കുറഞ്ഞിരുന്നു. പിന്നീട് 21.5 ശതമാനം വരെ (2020 ഏപ്രിൽ) വർധിക്കുകയും ചെയ്തു.
മിക്ക പാർട്ടികളും നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ച ഘട്ടത്തിലാണ് തൊഴിൽ ആവശ്യപ്പെട്ട് യുവാക്കൾ റോഡിലിറങ്ങിയത്. ക്രമസമാധാനപാലനത്തിൽ സർക്കാർ പരാജയപ്പെട്ടു എന്ന് ആരോപിക്കുന്ന പ്രതിപക്ഷത്തിന് വീണു കിട്ടിയ ആയുധമാകും തൊഴിൽ പ്രതിഷേധം. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ്.