ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് ഉടൻ, കരട് തയ്യാറെന്ന് മുഖ്യമന്ത്രി
മൺസൂൺ സമ്മേളനത്തിൽ ബിൽ സംസ്ഥാന നിയമസഭയിൽ അവതരിപ്പിക്കാനാണ് നീക്കം.
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി. കരട് തയ്യാറാക്കാൻ രൂപീകരിച്ച സമിതിയുടെ പ്രവർത്തനം പൂർത്തിയായെന്നും മുഖ്യമന്ത്രി പറഞ്ഞു.
"ഉത്തരാഖണ്ഡ് ദൈവത്തിന്റെ നാടാണ്. ചുറ്റും ആരാധനാലയങ്ങളും പുണ്യസ്ഥലങ്ങളുമുണ്ട്. ഇവിടെ താമസിക്കുന്ന എല്ലാ ജനങ്ങൾക്കും ഏകീകൃത നിയമം വേണം. ഭരണഘടനയിലും അതിനുള്ള വ്യവസ്ഥയുണ്ട്"- പുഷ്കർ സിങ് ധാമി പറഞ്ഞു.
ബിൽ രാജ്യത്തിന്റെ മതേതര ഘടനയെ ശക്തിപ്പെടുത്തുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ രൂപീകരിച്ച സമിതി അഭിപ്രായപ്പെട്ടു. മുൻ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയാണ് സമിതി അധ്യക്ഷ. വിവിധ മതങ്ങളിലെ വിവാഹക്രമം, നിലവിലുള്ള വ്യക്തിനിയമങ്ങൾ, ലോ കമ്മീഷൻ റിപ്പോർട്ടുകൾ എന്നിവയെല്ലാം പഠിച്ചെന്ന് ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി പറഞ്ഞു.
സമിതിക്ക് 2.3 ലക്ഷത്തിലധികം നിർദേശങ്ങൾ ലഭിച്ചു. രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും വിവിധ മതങ്ങളിൽ നിന്നുള്ള നേതാക്കളും ഉള്‍പ്പെടെ 20,000ലധികം പേരെ നേരില്‍ക്കണ്ടതായും ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അവകാശപ്പെട്ടു.
"ഉത്തരാഖണ്ഡിൽ യൂണിഫോം സിവിൽ കോഡ് ഉടൻ നടപ്പാക്കാൻ പോകുന്നു. നിയമം എല്ലാവർക്കും ഒരുപോലെയായിരിക്കും!" എന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. അടുത്ത മാസം ആരംഭിക്കുന്ന മൺസൂൺ സമ്മേളനത്തിൽ ബിൽ സംസ്ഥാന നിയമസഭയിൽ അവതരിപ്പിക്കാനാണ് നീക്കം.
പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ഭോപ്പാലിൽ ബി.ജെ.പി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പരാമര്‍ശത്തിനു പിന്നാലെയാണ് ഏക സിവില്‍ കോഡ് സംബന്ധിച്ച ചര്‍ച്ച വീണ്ടും സജീവമായത്- "ഒരു വീട്ടിൽ രണ്ടു നിയമമുണ്ടെങ്കിൽ വീട് നടന്നുപോകുമോ? അപ്പോൾ പിന്നെ രണ്ട് നിയമവുമായി എങ്ങനെ രാജ്യം മുമ്പോട്ടു പോകും? ഭരണഘടന തുല്യാവകാശത്തെ കുറിച്ചാണ് സംസാരിക്കുന്നത്. ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന് സുപ്രിംകോടതിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവർ (പ്രതിപക്ഷം) വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്".
അതേസമയം കോൺഗ്രസ്, ഡി.എം.കെ, തൃണമൂൽ കോൺഗ്രസ്, സി.പി.എം, ആര്‍.ജെ.ഡി, ജനതാദൾ യുണൈറ്റഡ് തുടങ്ങി പാര്‍ട്ടികള്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് അജണ്ടയാണിതെന്ന് വിമര്‍ശിച്ചു. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള നീക്കമാണിതെന്നാണ് വിമര്‍ശനം.