കേരളത്തിന് 5000 കോടി നല്‍കാമെന്ന് കേന്ദ്രം; അതുപോരെന്ന് കേരളം

ഇന്നലെ കേരളത്തിന് അനുകൂല നിലപാടാണ് സുപ്രിംകോടതി സ്വീകരിച്ചത്

Update: 2024-03-13 07:32 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: കടമെടുപ്പ് പരിധി വർധിപ്പിക്കണമെന്ന കേരളത്തിന്‍റെ ഹരജിയിൽ സുപ്രിംകോടതിയിൽ ഇന്ന് തീരുമാനമായില്ല. 5000 കോടി രൂപ കൂടി കടമെടുക്കാൻ അനുമതി നൽകാമെന്ന കേന്ദ്രവാഗ്ദാനം കേരളം തള്ളി . അടുത്ത വർഷത്തെ കടമെടുപ്പ് പരിധിയിൽ നിന്ന് ഈ തുക കുറയ്ക്കുമെന്ന വ്യവസ്ഥയോടെ ആയിരുന്നു വാഗ്ദാനം.10,000 കോടിയെങ്കിലും കടമെടുക്കാൻ അനുമതി വേണമെന്ന നിലപാടിലായിരുന്നു കേരളം.ഹരജി വീണ്ടും 21ന് പരിഗണിക്കും.

കേരളത്തിന്‍റെ ഹരജി പരിഗണിക്കാൻ തുടങ്ങിയപ്പോൾ, സംസ്ഥാനം ഇതുവരെ നടത്തിയ കടമെടുപ്പ് സംബന്ധിച്ച സ്ഥിതി വിവരക്കണക്കിന്‍റെ ചുരുക്ക പട്ടികയാണ് കേന്ദ്രം അവതരിപ്പിച്ചത് . എല്ലാ സംസ്ഥാനങ്ങൾക്കും തുല്യപരിഗണനയാണ് നൽകുന്നതെന്ന് അറ്റോർണി ജനറൽ വെങ്കട്ട രമണി പറഞ്ഞു . സുപ്രിംകോടതി നിർദേശം മുഖവിലക്കെടുത്ത് വായ്പ പരിധിയിൽ അയ്യായിരം കോടി കൂടി ഉയർത്തി നൽകാം , പക്ഷെ ഒരു വ്യവസ്ഥയുണ്ട് . അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള വായ്പ പരിധിയിൽ ആദ്യ ഒൻപത് മാസത്തേക്ക് അനുവദിക്കുന്നത് 21,664 കോടി രൂപയാണ്. ഈ തുകയിൽ നിന്നും 5000 കോടി കുറവ് വരുത്തും. മാർച്ച് 31 മുൻപ് 1000 കോടി രൂപയെങ്കിലും വായ്പ പരിധിയിൽ ഉയർത്തി നൽകണമെന്ന നിലപാടാണ് കേരളം സ്വീകരിച്ചത് .

5000 കോടി സ്വീകരിച്ചു കൂടെയെന്ന് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചെങ്കിലും വിനയപൂർവം നിരസിക്കുകയാണ് കേരളം ചെയ്തത് . ഒന്നാമത്തെ കാര്യം വ്യവസ്ഥകളോടുള്ള ഈ തുക സ്വീകരിച്ചാൽ വരും സാമ്പത്തിക വർഷത്തിലും കേരളം കടുത്ത ബുദ്ധിമുട്ടിലാകും .മാത്രവുമല്ല അടുത്ത സാമ്പത്തിക വർഷത്തേക്ക് അനുവദിക്കുന്ന തുകയിൽ പിന്നീട് കേരളത്തിന് തർക്കിക്കാൻ കഴിയില്ല . പരിഹരിക്കാൻ കഴിയാത്ത തരത്തിലെ നഷ്ടമായിരിക്കും സംസ്ഥാനത്തിന് ഉണ്ടാകുക .ഫെഡറൽ സംവിധാനത്തെ തകർക്കുന്ന സമീപനമാണ് കേന്ദ്രം മുന്നോട്ട് വച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ വിശദമായ വാദം കേൾക്കണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടു . ഇതേ തുടർന്നാണ് ഹരജി വ്യാഴാഴ്ചയിലേക്ക് പരിഗണിക്കാൻ മാറ്റിയത്

ഇന്നലെ കേരളത്തിന് അനുകൂല നിലപാടാണ് സുപ്രിംകോടതി സ്വീകരിച്ചത്. സംസ്ഥാനത്തിന് അടിയന്തര രക്ഷാ പാക്കേജ് അനുവദിക്കാനായിരുന്നു കോടതി നിർദേശം.ശമ്പളവും പെൻഷനും മുടങ്ങിയ സാഹചര്യത്തിലാണ് രക്ഷാപാക്കേജ് നൽകാൻ ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം. എല്ലാ ചർച്ചകളും പൂർണമായും പരാജയപ്പെട്ടെന്നും കോടതി ഇടപെടൽ വേണമെന്നും കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ അഭ്യർത്ഥിച്ചിരുന്നു. ഏപ്രിൽ ഒന്നിന് 5,000 കോടി നല്കാമെന്ന കേന്ദ്ര നിർദേശം കോടതി തള്ളി. ഈ സാമ്പത്തിക വർഷം നൽകേണ്ട സഹായം അടിയന്തരമായി നൽകണമെന്ന നിലപാടിലായിരുന്നു കോടതി.

കേരളത്തിന് വേണ്ടി ഇളവ് നൽകിയാൽ മറ്റ് സംസ്ഥാനങ്ങളും ഇതേ ആവശ്യം ഉന്നയിക്കുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം പ്രതിരോധം തീർത്തു. തല്‍ക്കാലം സഹായിച്ച ശേഷം അടുത്ത സാമ്പത്തിക വർഷത്തിലെ കണക്കിൽ ഉൾപ്പെടുത്താമെന്ന നിർദേശവും ബെഞ്ച് മുന്നോട്ടുവച്ചു. ഇതോടെ രക്ഷാ പാക്കേജിന് കേന്ദ്രം സമ്മതിച്ചിരുന്നു. അല്പം വിശാലമനസോടെ കാര്യങ്ങൾ കാണണമെന്ന് കേന്ദ്രത്തിന് ഉപദേശം നൽകിയാണ് കേരളത്തിന് മുന്നിൽ കോടതി രക്ഷാവാതിൽ തുറന്നിട്ടത്.

കേരളത്തിന് 13,608 കോടി രൂപ കടമെടുക്കാൻ സുപ്രിംകോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. ഈ സാമ്പത്തികവർഷം അവസാനിക്കുന്ന മാർച്ച് 31-ന് മുമ്പ് സംസ്ഥാനത്തിന് കടമെടുക്കാൻ അർഹതയുള്ള 13,608 കോടി രൂപ എടുക്കാൻ സംസ്ഥാന സർക്കാരിന് അടിയന്തരമായി അനുമതി നൽകണമെന്ന് കേന്ദ്രത്തോട് സുപ്രിംകോടതി നിർദേശിക്കുകയായിരുന്നു. കടമെടുപ്പിന് പരിധി നിശ്ചയിച്ച് കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം സ്യൂട്ട് ഹരജി നൽകിയത്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News