കലാപമടങ്ങാതെ മണിപ്പൂര്‍; കേന്ദ്രമന്ത്രിയുടെ വീടിന് തീയിട്ടു

കേന്ദ്ര വിദേശകാര്യ സഹമന്ത്രി ആര്‍.കെ രഞ്ജന്റെ വീടിനാണ് ജനക്കൂട്ടം തീയിട്ടത്.

Update: 2023-06-16 05:06 GMT
Advertising

ഇംഫാല്‍: മണിപ്പൂരിൽ വീണ്ടും സംഘർഷം. കേന്ദ്രമന്ത്രിയുടെ ഇംഫാലിലെ വീടിന് തീയിട്ടു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ആര്‍.കെ രഞ്ജന്‍ സിങ്ങിന്‍റെ വീടിനാണ് ആയിരത്തോളം പേര്‍ സംഘമായെത്തി തീയിട്ടത്. സംഭവം നടക്കുമ്പോള്‍ മന്ത്രി വീട്ടിലുണ്ടായിരുന്നില്ല.

ഇംഫാലിൽ കർഫ്യൂ ഉണ്ടായിരുന്നിട്ടും ജനക്കൂട്ടം മന്ത്രിയുടെ കോങ്‌ബയിലെ വീട്ടിലെത്തി. സംഭവസമയത്ത് മന്ത്രിയുടെ വസതിയിൽ അദ്ദേഹത്തിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥരും എട്ട് ഗാർഡുകളും ഉണ്ടായിരുന്നു. ആള്‍ക്കൂട്ടം എല്ലാ ഭാഗത്തുനിന്നും പെട്രോൾ ബോംബുകൾ എറിഞ്ഞതായി മന്ത്രിയുടെ വീട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.

ഗവര്‍ണറുടെ അധ്യക്ഷതയിലുള്ള സമാധാന സമിതിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സമാധാനശ്രമങ്ങള്‍ നടത്തിയിട്ടും മണിപ്പൂരില്‍ ഇതുവരെ കലാപമടങ്ങിയിട്ടില്ല. മെയ് മൂന്നിന് തുടങ്ങിയ കലാപം മണിപ്പൂരില്‍ ഇപ്പോഴും തുടരുകയാണ്. മെയ്തെയ് വിഭാഗത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനെതിരായ ‘ആദിവാസി ഐക്യദാർഢ്യ മാർച്ചി’ന് പിന്നാലെയാണ് മണിപ്പൂരില്‍ സംഘര്‍ഷം തുടങ്ങിയത്. കര്‍ഫ്യു ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളെ മറികടന്നും മണിപ്പൂരില്‍ സംഘര്‍ഷം തുടരുകയാണ്.  

കഴിഞ്ഞ ദിവസം അക്രമം തടയാൻ സുരക്ഷാസേന സ്ഥലത്തെത്തിയപ്പോൾ സ്ത്രീകൾ ഉള്‍പ്പെടെയുള്ളവര്‍ സേനയുമായി ഏറ്റുമുട്ടി. റാപ്പിഡ് ആക്ഷൻ ഫോഴ്‌സും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ബലപ്രയോഗം നടത്തുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. അക്രമകാരികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് പറഞ്ഞു.

അതേസമയം മണിപ്പൂരിൽ നടക്കുന്നത് ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണെന്നും സംസ്ഥാന സർക്കാർ അക്രമികൾക്ക് കൂട്ടുനിൽക്കുന്നുവെന്നും മണിപ്പൂരിൽ സന്ദർശനം നടത്തിയ ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. കേന്ദ്ര സേനയും അർദ്ധസൈനിക വിഭാഗങ്ങളും സംസ്ഥാന പൊലീസും ഒരുമിച്ചു ചേർന്നിട്ടും അക്രമികളെ തടയാൻ കഴിയാത്തത് സംസ്ഥാന- കേന്ദ്ര സർക്കാരുകളുടെ പരാജയത്തെയാണ് സൂചിപ്പിക്കുന്നതെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. ഹൈബി ഈഡൻ എംപി ഉൾപ്പെടെയുള്ള കോൺഗ്രസ്‌ സംഘമാണ് സംഘർഷ മേഖലകൾ സന്ദർശിച്ചത്.

Summary- The house of Union Minister RK Ranjan Singh was attacked by a mob of over 1,000 people in Manipur last night, in the latest incident of violence in the northeast state which has been witnessing clashes between two groups over the demand for inclusion in the Scheduled Tribes (ST) category

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News