യു.പിയിൽ ഹലാൽ ടാഗുള്ള ഉത്പന്നങ്ങൾ നിരോധിച്ചു

ഹലാൽ സർട്ടിഫിക്കറ്റ് ഉള്ള ഉത്പന്നങ്ങൾ നിർമിക്കുകയോ സംഭരിക്കുകയോ വിൽപ്പന നടത്തുകയോ ചെയ്താൽ കർശന നടപടി നേരിടേണ്ടിവരുമെന്നും ഉത്തരവിൽ മുന്നറിയിപ്പ് നൽകുന്നു.

Update: 2023-11-19 07:07 GMT
Advertising

ലഖ്‌നോ: ഹലാൽ സർട്ടിഫിക്കറ്റുള്ള ഉത്പന്നങ്ങളുടെ വിൽപ്പന യു.പി സർക്കാർ നിരോധിച്ചു. വിവിധ ഉത്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നൽകിയതിന് ലഖ്‌നോവിൽ ബി.ജെ.പി പ്രവർത്തകന്റെ പരാതിയിൽ ഒരു കമ്പനിക്കും മൂന്നു സംഘടനകൾക്കുമെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഹലാൽ ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്.

ഭക്ഷ്യവസ്തുക്കൾക്കും സൗന്ദര്യവർധക വസ്തുക്കൾക്കും ഹലാൽ സർട്ടിഫിക്കറ്റ് പതിപ്പിക്കുന്നത് മതവികാരത്തിന്റെ മുതലെടുപ്പാണെന്നും പ്രത്യേക അജണ്ടയുടെ ഭാഗമാണെന്നും കേസെടുത്തതിന് പിന്നാലെ അധികൃതർ വിശദീകരിച്ചിരുന്നു.

ഹലാൽ പ്രൈവറ്റ് ലിമിറ്റഡ് ചെന്നൈ, ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് ഹലാൽ ട്രസ്റ്റ് ഡൽഹി, ഹലാൽ കൗൺസിൽ ഓഫ് ഇന്ത്യ മുംബൈ, ജംഇയ്യത്തുൽ ഉലമ മഹാരാഷ്ട്ര എന്നീ സംഘടനകൾക്കെതിരെയാണ് കേസെടുത്തത്. ഐ.പി.സി സെക്ഷൻ 120 ബി (ക്രിമിനൽ ഗൂഢാലോചന), 153 എ (വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ), 471 (വ്യാജ രേഖകളുടെ ഉപയോഗം) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്ന് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.

ഹലാൽ സർട്ടിഫൈഡ് ഉത്പന്നങ്ങളുടെ നിർമാണം, സംഭരണം, വിതരണം, വിൽപ്പന എന്നിവ പൊതുജനാരോഗ്യം മുൻനിർത്തി സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്നു എന്നാണ് ഉത്തരവിൽ പറയുന്നത്. ഹലാൽ സർട്ടിഫിക്കറ്റ് ഉള്ള മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവ നിർമിക്കുകയോ സംഭരിക്കുകയോ വിതരണം ചെയ്യുകയോ വാങ്ങുകയോ വിൽക്കുകയോ ചെയ്താൽ കർശന നിയമനടപടികൾ നേരിടേണ്ടിവരുമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News