പരീക്ഷാഫലം കണ്ട് കുഴഞ്ഞുവീണു; പത്താം ക്ലാസുകാരൻ ഐ.സി.യുവിൽ
ഉത്തർപ്രദേശിലെ പത്താം ക്ലാസ് പരീക്ഷാഫലം കഴിഞ്ഞദിവസമാണ് പുറത്ത് വന്നത്
മീററ്റ്: പരീക്ഷാഫലം വരുമ്പോൾ പ്രതീക്ഷിച്ച മാർക്ക് കിട്ടാതാകുമ്പോൾ കുട്ടികൾക്ക് വിഷമവും നിരാശയം ഉണ്ടാകാറുണ്ട്.എന്നാൽ പ്രതീക്ഷിച്ചതിലും കൂടുതൽ മാർക്ക് കിട്ടിയത് കണ്ട് ബോധനരഹിതനായിരിക്കുകയാണ് മീററ്റിലെ പത്താംക്ലാസുകാരൻ. ഉത്തർപ്രദേശിലെ പത്താം ക്ലാസ് പരീക്ഷാഫലം കഴിഞ്ഞദിവസമാണ് പുറത്ത് വന്നത്. പരീക്ഷയിൽ 93.5 ശതമാനം മാർക്ക് നേടിയ വിദ്യാർഥിയാണ് സന്തോഷം കൊണ്ട് കുഴഞ്ഞ് വീഴുകയും പിന്നീട് ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയും ചെയ്തതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
മീററ്റിലെ മോദിപുരം മഹർഷി ദയാനന്ദ് ഇന്റർ കോളേജിലെ വിദ്യാർഥിയായ അൻഷുൽ കുമാർ എന്ന 16കാരനാണ് പരീക്ഷയിൽ ഉന്നതവിജയം നേടിയത്. എന്നാൽ കുടുംബത്തിന്റെ മുഴുവൻ ആഹ്ലാദം നിമിഷങ്ങൾക്കുള്ളിൽ ആശങ്കയിലേക്ക് മാറുകയായിരുന്നെന്ന് തപാൽ ഓഫീസിലെ കരാർ തൊഴിലാളിയായ അൻഷുലിന്റെ പിതാവ് സുനിൽ കുമാർ പറയുന്നു.
ബോധരഹിതനായ അൻഷുലിന് വീട്ടിൽവെച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിൽ ഫലമുണ്ടായില്ല. തുടർന്നാണ് തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഐ.സി.യുവില്‍ പ്രവേശിപ്പിച്ച വിദ്യാർഥിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു. പരീക്ഷാഫലം വരുമ്പോൾ കുട്ടികൾക്കുണ്ടായ മാനസിക സമ്മർദത്തെക്കുറിച്ച് രക്ഷിതാക്കൾ ബോധവാന്മാരാകണമെന്നതിന്റെ ഉദാഹരണമാണ് ഇതെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇത്തവണത്തെ പത്താംക്ലാസ് പരീക്ഷയിൽ യു.പിയിൽ 89.55ശതമാനമാണ് വിജയം. 12 ക്ലാസ് പരീക്ഷയിൽ വിജയം 82.60 ശതമാനമാണ്.