അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന് ഇന്ന് തറക്കല്ലിടും
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ചടങ്ങ് നടക്കുന്നത്
അയോധ്യ: നിർമാണം പുരോഗമിക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന് ഇന്ന് തറക്കല്ലിടും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലാണ് ചടങ്ങ് നടക്കുന്നത്. ശ്രീകോവിൽ നിർമാണത്തിനായി രാജസ്ഥാനിലെ മക്രാന താഴ്വരയിൽ നിന്നുളള മാർബിളുകളാണ് ഉപയോഗിക്കുക.
ഇതിൽ കൊത്തുപണി ചെയ്ത മാർബിളാണ് ശ്രീകോവിലിന്റെ തറക്കല്ലിടാൻ ഉപയോഗിക്കുന്നത്. എട്ടു മുതൽ ഒമ്പതു ലക്ഷംവരെ കൊത്തുപണികൾ ചെയ്ത കല്ലുകൾ ക്ഷേത്രത്തിന്റെ ആകെ നിർമ്മാണത്തിനായി വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
2020 ആഗസ്റ്റ് അഞ്ചിനാണ് രാമക്ഷേത്ര നിർമ്മാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടത്. നിലവിൽ ക്ഷേത്രത്തിന്റെ ചുമരിന്റെ നിർമ്മാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. 2024 ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ശ്രീകോവിൽ നിർമാണം പൂർത്തിയാക്കി ഭക്തർക്ക് തുറന്നുകൊടുക്കാനാണ് തീരുമാനം.