രണ്ടാം ഘട്ടത്തിന് രണ്ടു ദിവസം; യു.പിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി സമാജ്‍വാദി പാർട്ടിയിൽ ചേർന്നു
രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കാണാൻ ആഗ്രഹിച്ചെങ്കിലും നേതൃത്വം അനുവദിച്ചില്ലെന്നും ആരോപണം
ഉത്തർപ്രദേശിൽ അംറോഹയിലെ കോൺഗ്രസ് സ്ഥാനാർത്ഥി സലിം ഖാൻ പാർട്ടി വിട്ട് സമാജ്‍വാദി പാർട്ടിയിൽ ചേർന്നു. നേതൃത്വവുമായുണ്ടായ ആശയവിനിമയത്തിലെ വിടവാണ് പാർട്ടി വിടാനുണ്ടായ കാരണമെന്നാണ് സലിം ഖാൻ പറയുന്നത്.
ദേശീയ നേതൃത്വത്തെ കാണാൻ താഴേത്തട്ടിലുള്ള പ്രവർത്തകർക്ക് ആഗ്രഹമുണ്ടെങ്കിലും രണ്ടാം നിര നേതൃത്വം അതിന് സമ്മതിക്കുന്നില്ല.രാഹുലിനെയും പ്രിയങ്ക ഗാന്ധിയെയും കാണാൻ ഞാൻ ആഗ്രഹിച്ചു, പക്ഷേ രണ്ടാം നിര നേതൃത്വം എന്നെ അനുവദിച്ചില്ലെന്നും സലിം ഖാൻ പറയുന്നു.രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന സമയത്തെ പാർട്ടി മാറ്റം കോൺഗ്രസിന് വൻ തിരിച്ചടിയാണുണ്ടാക്കിയത്.
ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഫെബ്രുവരി 10നാണ് നടന്നത്. 14നാണ് സംസ്ഥാന നിയമസഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. സഹാറൻപൂർ, ബിജ്നോർ, അംറോഹ, സംഭാൽ, മൊറാദാബാദ്, രാംപൂർ, ബറേലി, ബുദൗൺ, ഷാജഹാൻപൂർ എന്നീ ഒമ്പത് ജില്ലകൾ ഉൾപ്പെടുന്ന 55 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.