'സൗഹൃദം മുതലെടുത്ത് ബലാത്സംഗം; വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ടതോടെ കൊലപാതകം'; ലഖിംപൂർ പൊലീസ്
പ്രതികളിലൊരാളെ പിടികൂടിയത് എൻകൗണ്ടറിലൂടെ
ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലെ ദലിത് സഹോദരിമാരെ വയലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽവിവരങ്ങൾ വെളിപ്പെടുത്തി പൊലീസ്. ഇന്നലെയാണ് പതിനേഴും പതിനഞ്ചും വയസ്സായ പെൺകുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഛോട്ടു, ജുനൈദ്, സൊഹൈല്‍, ഹഫീസ്, ആരിഫ്, കരീമുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടികളുടെ അയല്‍വാസികളായ ഛോട്ടുവാണ് സുഹൃത്തുക്കളായ ജുനൈദ്, സൊഹൈല്‍, ഹഫീസുള്‍ എന്നിവരെ പെണ്‍കുട്ടികള്‍ക്ക് പരിചയപ്പെടുത്തിയത്. എന്നാൽ കുറ്റകൃത്യം നടക്കുമ്പോൾ ഇയാൾ ഉണ്ടായിരുന്നില്ല. കൊലപാതകം നടത്തിയ മൂന്നുപേരും അവരെ സഹായിച്ച രണ്ടുപേരും പെൺകുട്ടികളുടെ അടുത്തുള്ള ഗ്രാമത്തിൽ നിന്നുമുള്ളവരാണെന്ന് പൊലീസ് സൂപ്രണ്ട് സൻജീവ് സുമൻ പറഞ്ഞു. പ്രതികളിലൊരാളെ എൻകൗണ്ടറിലൂടെയാണ് പിടികൂടിയത്. ഇന്ന് രാവിലെ പൊലീസുമായി ഏറ്റുമുട്ടലുണ്ടാകുകയും ഇയാളുടെ കാലിൽ വെടിവെച്ചെന്നും പൊലീസ് പറയുന്നു. അറസ്റ്റിലായ ആറ് പേർക്കെതിരെയും കൊലപാതകം,ബലാത്സംഗം,പോസ്‌കോ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പെൺകുട്ടികളുമായി സൗഹൃദത്തിലായിരുന്ന മൂന്ന് പേർ അവരെ മോട്ടോർ ബൈക്കിൽ കയറ്റി കൊണ്ടുപോവുകയായിരുന്നുവെന്ന് എസ്.പി മാധ്യമപ്രവർത്തകരോട് പറഞ്ഞു. അവരെ ബലമായി തട്ടിക്കൊണ്ടുപോയതെന്നായിരുന്നു പെൺകുട്ടികളുടെ മാതാവ് പൊലീസിന് നൽകിയ പരാതി. എന്നാൽ അവർ സുഹൃത്തുക്കളായതിനാൽ പുരുഷന്മാരെ പെൺകുട്ടികൾ വിശ്വാസത്തിലെടുത്തിരുന്നെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
സൗഹൃദത്തെ മുതലെടുത്താണ് പെൺകുട്ടികളെ ബലാത്സംഗം ചെയ്തത്. എന്നാൽ പെൺകുട്ടികൾ വിവാഹം കഴിക്കണമെന്ന് പറഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ദുപ്പട്ട ഉപയോഗിച്ച് അവരെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. പിന്നീട് സുഹൃത്തുക്കളെ വിളിച്ചുവരുത്തി മരത്തിൽ കെട്ടിത്തൂക്കുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു.
മൂന്ന് ഡോക്ടർമാരുടെ വിദഗ്ധ സമിതിയാണ് പോസ്റ്റ്‌മോർട്ടം നടത്തുന്നത്. ഇരകളുടെ കുടുംബത്തിലെ ചില അംഗങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യുന്നിടത്ത് നിൽക്കാൻ അനുവദിക്കുമെന്നും എസ്.പി പറഞ്ഞു. കുടുംബത്തിന് നീതി ഉറപ്പാക്കും. കഴിഞ്ഞ ദിവസം ഇരകളുടെ കുടുംബവുമായി പൊലീസുകാർ തർക്കത്തിലേർപ്പെട്ടുവെന്ന റിപ്പോർട്ടുകളും അദ്ദേഹം നിഷേധിച്ചു.