അയോധ്യയിലടക്കം വൻ തിരിച്ചടി; യോഗി ആദിത്യനാഥിനെ ഡൽഹിയിലേക്ക് വിളിപ്പിച്ച് ബി.ജെ.പി

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ​തുറുപ്പുചീട്ടായിരുന്നു അയോധ്യയിലെ രാമക്ഷേത്രം

Update: 2024-06-06 06:56 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബി.ജെ.പി നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചു .ഇന്ന് വൈകിട്ട് 5 മണിക്ക് യോഗി ഡൽഹിയിൽ എത്തും. യു.പിയിൽ ബി.ജെ.പി തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് യോഗിയെ വിളിപ്പിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ​തുറുപ്പുചീട്ടായിരുന്നു അയോധ്യയിലെ രാമക്ഷേത്രം. നിർമാണം പൂർത്തിയാകും മുമ്പ് തന്നെ, തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രാണപ്രതിഷ്ഠ നടത്തുകയും അത് രാജ്യമെങ്ങും വലിയ ആഘോഷമാക്കി മാറ്റുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും രാമക്ഷേത്രം ഉയർത്തിക്കാട്ടി ബി.ജെ.പി നേതാക്കൾ വോട്ട് തേടി. 

എന്നാൽ, രാമക്ഷേത്രവും മോദിയുടെ വിദ്വേഷ പ്രസംഗവുമെല്ലാം അയോധ്യ ഉൾപ്പെട്ട ഫൈസാബാദ് മണ്ഡലത്തിൽ ബി.ജെ.പിയെ തുണച്ചില്ല. ഇവിടെ സമാജ്‍വാദി പാർട്ടിയുടെ അവദേശ് പ്രസാദാണ് 54,567 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. സിറ്റിങ് എം.പിയായിരുന്ന ബി.ജെ.പിയുടെ ലല്ലു സിങ്ങിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഒമ്പത് തവണ എം.എൽ.എയായിരുന്ന അ​വദേശ് ​പ്രസാദ് സമാജ്‍വാദി പാർട്ടിയുടെ ദലിത് മുഖമാണ്.

ബി.ജെ.പി ഭരണഘടന തിരുത്തുന്നുവെന്ന പ്രചാരണത്തിനൊപ്പം, തൊഴിലില്ലായ്മയേയും,ദാരിദ്രത്തെയും അഭിമുഖീകരിക്കുന്നതിൽ യോഗി സർക്കാറിന്റെ നിലപാടിനോടുള്ള ജനവിധിയെഴുത്തായിരുന്നു യു.പിയിൽ കണ്ടത്.  വർഷങ്ങൾക്ക് ശേഷം യു.പിയിൽ കോൺഗ്രസ് ആറ് സീറ്റുകൾ നേടിയപ്പോൾ 80 ൽ 37 സീറ്റുകളാണ് എസ്.പി നേടിയത്. യു.പിയിലുണ്ടായ അപ്രതീക്ഷിത തോല്‍വി ഇന്ന് ഡല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

Read Also‘രാമക്ഷേത്രമല്ല, ഉപജീവന മാർഗമാണ് വേണ്ടത്’; ബി.ജെ.പി തോൽവിയുടെ കാരണം പറഞ്ഞ് അയോധ്യക്കാർ


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News