മുട്ടുമടക്കി യു.പി സര്‍ക്കാര്‍; പ്രിയങ്കാ ഗാന്ധിയെ വിട്ടയച്ചു
പ്രിയങ്ക ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ യു.പി സര്‍ക്കാര്‍ അനുമതി നല്‍കി. വിമാനമാര്‍ഗം ലഖ്‌നൗവിലെത്തുന്ന രാഹുല്‍ ഗാന്ധി റോഡ് മാര്‍ഗമാണ് ലഖിംപൂരിലെത്തുക.
ലഖിംപൂരില്‍ കര്‍ഷകരെ സന്ദര്‍ശിക്കാനുള്ള യാത്രക്കിടെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്ത എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ വിട്ടയച്ചു. കസ്റ്റഡിയിലെടുത്ത് 59 മണിക്കൂറിന് ശേഷമാണ് പ്രിയങ്കയെ വിട്ടയച്ചത്. കര്‍ഷകരെ കാണാതെ പിന്‍മാറില്ലെന്ന പ്രിയങ്കയുടെ ഉറച്ച നിലപാടിന് മുന്നില്‍ യു.പി സര്‍ക്കാര്‍ മുട്ടുമടക്കുകയായിരുന്നു.
പ്രിയങ്ക ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ യു.പി സര്‍ക്കാര്‍ അനുമതി നല്‍കി. വിമാനമാര്‍ഗം ലഖ്‌നൗവിലെത്തുന്ന രാഹുല്‍ ഗാന്ധി റോഡ് മാര്‍ഗമാണ് ലഖിംപൂരിലെത്തുക. ഇവര്‍ക്കൊപ്പം മൂന്നുപേര്‍ക്ക് കൂടി ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ അനുമതിയുണ്ട്.
അനുമതി നിഷേധിച്ചാലും കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെ കാണാന്‍ ലഖിംപൂരിലേക്ക് പോകുമെന്ന് രാഹുല്‍ഗാന്ധി നേരത്തേ അറിയിച്ചിരുന്നു. കര്‍ഷകര്‍ക്കെതിരെ രാജ്യത്ത് വ്യവസ്ഥാപിതമായ ആക്രമണമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ലഖിംപൂര്‍ ഖേരിയിലേക്കുള്ള യാത്രക്ക് അനുമതി നിഷേധിക്കപ്പെട്ട ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. 'സര്‍ക്കാര്‍ കര്‍ഷകരെ അപമാനിക്കുകയും കൊല്ലുകയുമാണ്. അവര്‍ക്ക് കര്‍ഷകരുടെ ശക്തി മനസ്സിലായിട്ടില്ല. ലഖിംപൂരില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചു പേര്‍ക്ക് അവിടെ പോകാനേ നിരോധമുള്ളൂ. മൂന്നു പേര്‍ അവിടേക്ക് പോകും'- രാഹുല്‍ ഗാന്ധി പറഞ്ഞു.