ഭക്ഷണത്തെച്ചൊല്ലി തർക്കം; ജില്ലാ ജയിലിൽ വാർഡന്മാർ ഏറ്റുമുട്ടി, ഒരാൾക്ക് ഗുരുതര പരിക്ക്
ജയിലിന് പുറത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലാണ് സംഭവം പതിഞ്ഞത്
റായ്ബറേലി: ഉത്തർപ്രദേശിൽ ജയിൽ വാർഡനെ സഹപ്രവർത്തകർ ക്രൂരമായി മർദിച്ചു. ഭക്ഷണത്തെച്ചൊല്ലിയുള്ള തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. ഉത്തർ പ്രദേശിലെ റായ്ബറേലിയിലെ ജില്ലാ ജയിലിലാണ് സംഭവം നടന്നത്. ജയിലിന് പുറത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ വാർഡന്മാർ തമ്മിലുള്ള കൂട്ടയടി പതിയുകയും ചെയ്തു.
ജയിൽ മെസിന്റെ ചുമതലയുള്ള മുകേഷ് ദുബെയെയാണ് അദ്ദേഹത്തിന്റെ മൂന്ന് സഹപ്രവർത്തകർ വടികൊണ്ട് മർദിച്ചത്. മറ്റ് രണ്ട് പേർ മർദനം വീക്ഷിക്കുന്നതും വീഡിയോയിൽ കാണാം. മർദനത്തിനിടെ മുകേഷ് ദുബെ വടി പിടിച്ചുവാങ്ങാൻ ശ്രമിച്ചെങ്കിലും മൂന്നുപേരും അയാളെ വളഞ്ഞിട്ട് തല്ലുകയായിരുന്നു.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് തൊട്ടുപിന്നാലെ, സംഭവത്തിൽ ഉൾപ്പെട്ടെ അഞ്ച് പേരെയും സസ്‌പെൻഡ് ചെയ്തു.ഇവർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതായും റായ്ബറേലി പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു.
ഭക്ഷണശാലയിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം മോശമാക്കാൻ മറ്റുള്ളവർ സമ്മർദം ചെലുത്തിയെന്നാണ് ഗുരുതരമായി പരിക്കേറ്റ മുകേഷ് ദുബെ ആരോപിച്ചത്. എന്നാൽ താൻ അതിന് സമ്മതിച്ചില്ലെന്നും അയാൾ പറഞ്ഞു. ഇതിനെ തുടർന്നാണ് തർക്കമുണ്ടായതെന്നും മുകേഷ് ദുബെ പറയുന്നു. പരിക്കേറ്റ മുകേഷ് ദുബെയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.