വിവാഹ പാര്‍ട്ടിയില്‍ നൃത്തം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു; ഡാന്‍സ് തുടര്‍ന്ന് മറ്റുള്ളവര്‍; ഞെട്ടിപ്പിക്കുന്ന വീഡിയോ

വൈകിട്ട് ഷാജഹാൻപൂർ ഗ്രാമത്തിൽ അടുത്ത ബന്ധുവിന്‍റെ വിവാഹത്തിൽ നൃത്തം ചെയ്യുന്നതിനിടെയാണ് സഞ്ജയ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു

Update: 2023-06-19 05:19 GMT
Editor : Jaisy Thomas | By : Web Desk

യുവാവ് കുഴഞ്ഞു വീഴുന്ന ദൃശ്യം

Advertising

രാംപൂര്‍: വിവാഹ പാര്‍ട്ടിയില്‍ ഡാന്‍സ് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. ഉത്തർപ്രദേശിലെ ഇറ്റാ ജില്ലയിലെ രാംപൂർ പ്രദേശവാസിയായ സഞ്ജയ് (20) ആണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുപിയിലെ രാംപൂരിലാണ് സംഭവം. ഇയാള്‍ കുഴഞ്ഞുവീഴുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. സഞ്ജയ് കുഴഞ്ഞു വീഴുമ്പോഴും മറ്റുള്ളവര്‍ ഇതൊന്നും ശ്രദ്ധിക്കാതെ ആസ്വദിച്ച് നൃത്തം ചെയ്യുന്നതും വീഡിയോയില്‍ കാണാം.

ശനിയാഴ്ചയാണ് സംഭവം. വൈകിട്ട് ഷാജഹാൻപൂർ ഗ്രാമത്തിൽ അടുത്ത ബന്ധുവിന്‍റെ വിവാഹത്തിൽ നൃത്തം ചെയ്യുന്നതിനിടെയാണ് സഞ്ജയ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. സഞ്ജയ് വീഴുന്നതു കണ്ടിട്ട് ഒപ്പം ഡാന്‍സ് ചെയ്യുന്നവര്‍ ഇതൊന്നും ശ്രദ്ധിക്കാതെ നൃത്തം ചെയ്യുന്നതു തുടരുകയായിരുന്നു. ചുറ്റും കൂടി നില്‍ക്കുന്നവര്‍ പോലും ഒരാള്‍ കുഴഞ്ഞുവീഴുന്നതു കണ്ട് കാഴ്ചക്കാരായി നിന്നതേയുള്ളൂ.

ജൂണ്‍ ആദ്യവാരം മഹേന്ദ്ര ശർമ്മ എന്ന 52 കാരൻ സെക്ടർ 21 എയിലെ നോയിഡ സ്റ്റേഡിയത്തിൽ ബാഡ്മിന്‍റണ്‍ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഹൃദയാഘാതം ഉണ്ടായെന്നും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണം സംഭവിക്കുകയായിരുന്നുവെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കഴിഞ്ഞ മാർച്ചിൽ, ഭോപ്പാലിൽ ഒരു സാംസ്കാരിക സമ്മേളനത്തിൽ നൃത്തം ചെയ്യുകയായിരുന്ന മുതിർന്ന സർക്കാർ ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചിരുന്നു. ഹൃദയാഘാതം മൂലമാണ് ഇയാളും മരിച്ചത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News