വളര്‍ത്തു പൂച്ചയെ മോഷ്ടിച്ചുവെന്ന് സംശയം;യുപി സ്വദേശി അയല്‍വാസിയുടെ 30 പ്രാവുകളെ വിഷം കൊടുത്തു കൊന്നു
ആബിദ് എന്നയാളാണ് അയല്‍ക്കാരനും പക്ഷിപ്രേമിയുമായ വാരിസ് അലിയുടെ പ്രാവുകളോട് കൊടുംക്രൂരത കാട്ടിയത്
ഷാജഹാൻപൂർ: തന്‍റെ വളര്‍ത്തുപൂച്ചയെ മോഷ്ടിച്ചുവെന്നാരോപിച്ച് യുപി സ്വദേശി അയല്‍വാസിയുടെ 30 പ്രാവുകളെ വിഷം കൊടുത്തു കൊലപ്പെടുത്തി. ആബിദ് എന്നയാളാണ് അയല്‍ക്കാരനും പക്ഷിപ്രേമിയുമായ വാരിസ് അലിയുടെ പ്രാവുകളോട് കൊടുംക്രൂരത കാട്ടിയത്.
ഈയിടെയാണ് ആബിദിന്‍റെ പൂച്ചയെ കാണാതായത്. അലി അതിനെ കൊന്നുവെന്നായിരുന്നു ആബിദിന്‍റെ സംശയം. തുടര്‍ന്ന് തീറ്റയില്‍ വിഷം കലര്‍ത്തി പ്രാവുകള്‍ക്കു നല്‍കുകയായിരുന്നു. 78 പ്രാവുകളില്‍ 30 എണ്ണം ചാവുകയും നിരവധി പ്രാവുകള്‍ക്ക് അസുഖം ബാധിക്കുകയും ചെയ്തുവെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് (സിറ്റി) സഞ്ജയ് കുമാർ പറഞ്ഞു.താന സദർ ബസാറിലെ മൊഹല്ല അമൻസായിയിൽ ചൊവ്വാഴ്ചയാണ് സംഭവം.
പിന്നീട് ആബിദിന്‍റെ പൂച്ച മടങ്ങിയെത്തിയെങ്കിലും അലിക്ക് പ്രാവുകളെ നഷ്ടപ്പെട്ടു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 428 (മൃഗങ്ങളെ കൊന്ന് ക്രൂരത കാണിക്കൽ) പ്രകാരം ആബിദ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.ചത്ത പ്രാവുകളെ പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി എഎസ്പി കുമാർ അറിയിച്ചു.