ലോകകപ്പ് ഫൈനൽ മത്സരത്തിനിടെ ടിവി ഓഫാക്കി; പിതാവ് മകനെ മൊബൈൽ ചാർജർ ഉപയോഗിച്ച് കൊലപ്പെടുത്തി
കൊലപാതകത്തിന് ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു
കാൺപൂർ: ഇന്ത്യയും ആസ്ത്രേലിയയും തമ്മിലുള്ള ലോകകപ്പ് ഫൈനൽ മത്സരം കാണുന്നതിനിടെ ടി.വി ഓഫാക്കിയതിന് മകനെ പിതാവ് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. ദീപക് നിഷാദ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ഗണേഷ് പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതിയായ ഗണേഷ് പ്രസാദ് മത്സരം ടി.വിയിൽ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ അത്താഴം തയ്യാറാക്കിയ ശേഷം മത്സരം കണ്ടാൽ മതിയെന്ന് മകനായ ദീപക് നിഷാദ് ആവശ്യപ്പെട്ടു. എന്നാൽ മത്സരം കാണുന്നതിൽ മുഴുകിയിരിക്കുകയായിരുന്ന പിതാവ് ഇക്കാര്യം ശ്രദ്ധിച്ചതേയില്ല.ഇതിൽ പ്രകോപിതനായ ദീപക് ടിവി ഓഫ് ചെയ്തു. ഇതിനെത്തുടർന്ന് പിതാവും മകനും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും പിന്നീട് ഇത് കയ്യേറ്റത്തിലേക്കും നയിച്ചു.
മദ്യപിച്ചെത്തിയ ഗണേഷ് മകനെ മൊബൈൽ ചാർജറിന്റെ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസിനെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. കൊലപാതകത്തിന് ശേഷം ഇയാൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും പിന്നീട് കാൺപൂർ പൊലീസ് പിടികൂടുകയായിരുന്നു.
മൃതദേഹം കോണിപ്പടിയിൽ കിടക്കുന്നത് ഇവരുടെ ബന്ധുവാണ് ആദ്യം കണ്ടത്. മൊബൈൽ ചാർജിംഗ് കേബിളാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് ചക്കേരി പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ബ്രിജ് നാരായൺ സിംഗ് പറഞ്ഞു. അച്ഛനും മകനും പലപ്പോഴും മദ്യപിച്ച് വഴക്കിടാറുണ്ടെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ച ദീപക് മർദിച്ചപ്പോൾ അമ്മ വീടുവിട്ടിറങ്ങുകയായിരുന്നെന്നും പൊലീസ് പറയുന്നു.