യു.പിയിൽ ഇന്ന് മാംസാഹാരരഹിത ദിനം; ഇറച്ചിക്കടകൾ അടഞ്ഞുകിടക്കുന്നു

സാധു തൻവർദാസ് ലീലാറാം വശ്വനിയുടെ ജന്മവാർഷിക ദിനം പ്രമാണിച്ചാണ് യു.പി സർക്കാർ മാംസാഹാരരഹിത ദിനമായി ആചരിക്കുന്നത്.

Update: 2023-11-25 10:24 GMT
Advertising

ലഖ്‌നോ: ഉത്തർപ്രദേശിൽ ഇന്ന് മാംസാഹാരരഹിത ദിനമായി ആചരിക്കുന്നു. സാധു തൻവർദാസ് ലീലാറാം വശ്വനിയുടെ ജന്മവാർഷിക ദിനം പ്രമാണിച്ചാണ് യു.പി സർക്കാർ മാംസാഹാരരഹിത ദിനമായി ആചരിക്കുന്നത്. സാധു തൻവർദാസ് പൂർണ സസ്യാഹാരിയായതിനാലാണ് മാംസാഹാരരഹിത ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തത്. ഇറച്ചിക്കടകളും അറവുശാലകളും അടച്ചിടാനും സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.

''ഗാന്ധി ജയന്തി, സാധു ടി.എൽ വശ്വനിയുടെ ജന്മദിനം, ശിവരാത്രി എന്നീ ദിവസങ്ങളിൽ സംസ്ഥാനത്ത് ഇറച്ചിക്കടകൾ തുറക്കരുതെന്ന് നേരത്തെ തന്നെ ഉത്തരവിറക്കാറുണ്ട്. അതുപോലെ ഈ വർഷവും സാധു തൻവർദാസിന്റെ ജന്മദിനമായ നവംബർ 25ന് ഇറച്ചിക്കടകളും അറവുശാലകളും പ്രവർത്തിക്കരുത്. ഉത്തരവ് പാലിക്കപ്പെടുന്നുണ്ടെന്ന് എല്ലാ തദ്ദേശസ്ഥാപനങ്ങളും ഉറപ്പാക്കണം''-സർക്കാർ ഉത്തരവിൽ പറയുന്നു.

കഴിഞ്ഞ ആഴ്ചയാണ് യു.പി സർക്കാർ ഹലാൽ ഉത്പന്നങ്ങൾ നിരോധിച്ചത്. ഹലാൽ ടാഗുള്ള ഉത്പനങ്ങൾ ഉത്പാദിപ്പിക്കുന്നതും സംഭരിക്കുന്നതും വിൽക്കുന്നതും നിരോധിച്ചിട്ടുണ്ട്. സമുദായങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും വളർത്തി യഥാർഥ വിഷയങ്ങൾ മറച്ചുപിടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു.

തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ് രാജ്യത്തിന്റെ അടിസ്ഥാന പ്രശ്‌നം. എന്നാൽ ഇത് മറച്ചുവച്ച് മറ്റു വിഷയങ്ങൾ സംസാരിക്കാനാണ് ബി.ജെ.പിക്ക് താൽപര്യം. സമുദായങ്ങൾക്കിടയിൽ അകൽച്ച സൃഷ്ടിക്കാനാണ് അവർ ശ്രമിക്കുന്നത്. ഇതെല്ലാം കൃത്യമായ ഗൂഢാലോചനയുടെ ഭാഗമാണെന്നും അഖിലേഷ് ചൂണ്ടിക്കാട്ടി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News