യു.പിയിലെ ആശുപത്രികളിൽ ഉറുദുവിലും ബോർഡുകൾ സ്ഥാപിക്കാൻ ഉത്തരവിറക്കിയ ഉദ്യോഗസ്ഥക്ക് സസ്‌പെൻഷൻ
ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറായ ഡോ. തബസ്സും ഖാനെയാണ് സസ്‌പെൻഡ് ചെയ്തത്. സെപ്റ്റംബർ ഒന്നിനാണ് തബസ്സും ഉത്തരവിറക്കിയത്.
ലഖ്‌നോ: ഉത്തർപ്രദേശിലെ ആശുപത്രികളിൽ ഉറുദുവിലും സൈൻ ബോർഡുകളും നെയിംപ്ലേറ്റുകളും സ്ഥാപിക്കാൻ ഉത്തരവിട്ട ഉദ്യോഗസ്ഥയെ സസ്‌പെൻഡ് ചെയ്തു. ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറായ ഡോ. തബസ്സും ഖാനെയാണ് സസ്‌പെൻഡ് ചെയ്തത്.
''സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്നതിനുള്ള നടപടിക്രമം അവർ പാലിച്ചില്ല. സർക്കാർ ആശുപത്രികളിലെ സൈൻബോർഡുകളും നെയിംപ്ലേറ്റുകളും ഉറുദുവിൽ എഴുതിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ സിഎംഒമാരോട് നിർദേശിച്ച ഉത്തരവും മുതിർന്ന ഉദ്യോഗസ്ഥരെ അറിയിക്കാതെയാണ് അവർ പുറപ്പെടുവിച്ചത്''- ആരോഗ്യവകുപ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
സെപ്റ്റംബർ ഒന്നിനാണ് തബസ്സും ഉത്തരവിറക്കിയത്. ഉന്നാവോ സ്വദേശിയായ മുഹമ്മദ് ഹാറൂൻ എന്ന വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്ന് തബസ്സും പറഞ്ഞു. ഉറുദു സംസ്ഥാനത്തെ രണ്ടാമത്തെ ഔദ്യോഗിക ഭാഷയാണെങ്കിലും പല ആശുപത്രികളിലും ഉറുദുവിലുള്ള ബോർഡുകളില്ലെന്നാണ് ഹാറൂന്റെ പരാതിയിൽ പറയുന്നത്.