യുപിയിൽ മൂന്ന് ദിവസത്തിനുള്ളിൽ 54 മരണം; ഉഷ്ണ തരംഗമല്ല കാരണമെന്ന് അന്വേഷണസമിതി

ഉ​ഷ്ണ​ത​രം​ഗ​മാ​ണ് മ​ര​ണ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട ചീഫ് മെഡിക്കൽ സൂപ്രണ്ട് റാങ്കിലുള്ള ഡോക്ടറെ സ്ഥലം മാറ്റി

Update: 2023-06-19 02:40 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം കനക്കുന്നു. തീവ്രമായ ഉഷ്ണതരംഗത്തിൽ ബീഹാറിലും യുപിയിലുമായി 98 പേരാണ് മരിച്ചത്. വിവിധ ആശുപത്രികളിലായി 400 പേർ ചികിത്സയിലാണ്. പനി, ശ്വാസതടസം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ലക്ഷണങ്ങളുമായാണ് ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

അതേസമയം, ഉത്തർപ്രദേശിലെ ബല്ലിയയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 54 പേർ മരിച്ചത് അമിത ചൂട് കാരണമല്ലെന്ന് അന്വേഷണ കമ്മിറ്റി അംഗം. ഏകദേശം 400 ഓളം രോഗികളെയാണ് ഈ ദിവസങ്ങളിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച മാത്രം മാത്രം 11 പേരാണ് മരിച്ചത്.

തീവ്ര ഉഷ്ണതരംഗമാണ് മരണത്തിന് കാരണമെന്നാണ് ഇവരെ ചികിത്സിച്ചിരുന്ന ഡോക്ടർമാർ പറയുന്നത്. എന്നാൽ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച സമിതിയുടെ ചുമതലയുള്ള ഡോ. എ.കെ സിങ്ങാണ് മരണകാരണം അമിതചൂടാണെന്ന വാദം തള്ളിക്കളഞ്ഞത്.

'മരിച്ചവരിൽ പലരുടെയും പ്രാഥമിക രോഗ ലക്ഷണം നെഞ്ചുവേദനയാണ്. ഇത് ഉഷ്ണതരംഗം ബാധിച്ചതിന്റെ ലക്ഷണമല്ല. അതുകൊണ്ട് തന്നെ പ്രഥമദൃഷ്ട്യാ മരണകാരണം അമിത ചൂട് കാരണമാണെന്ന് പറയാനാകില്ല. സമീപ ജില്ലകളിലും ഇത്തരത്തിൽ രോഗങ്ങൾ കാണുന്നുണ്ട്. എന്നാൽ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല'..ഡോ. എ.കെ.സിങ് പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. മരണങ്ങൾ വെള്ളവുമായി ബന്ധപ്പെട്ടതാകാമെന്നും അദ്ദേഹം അവകാശപ്പെട്ടു. മരണങ്ങൾ വെള്ളം മൂലമാണോ അതോ മറ്റെന്തെങ്കിലും കാരണം മൂലമാണോ എന്ന് അന്വേഷിക്കും. ഇക്കാര്യം പരിശോധിക്കാൻ കാലാവസ്ഥാ വകുപ്പും വരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ജില്ലയിൽ 54 പേർ മരിച്ചത് അമിത ചൂട് കാണമാണെന്ന് പറഞ്ഞതിന് പിന്നാലെ ബല്ലിയയിലെ ചീഫ് മെഡിക്കൽ സൂപ്രണ്ട് റാങ്കിലുള്ള ഡോക്ടറെ സ്ഥലം മാറ്റിയിരുന്നു. മരണങ്ങളെക്കുറിച്ച് ശരിയായ വിവരം ലഭിക്കാതെ ഇത്തരത്തിലുള്ള പ്രസ്താവന നടത്തിയതിനാണ് അദ്ദേഹത്തെ സ്ഥലം മാറ്റിയതെന്ന് യുപി ആരോഗ്യമന്ത്രി ബ്രജേഷ് പഥക് പറഞ്ഞു. ബല്ലിയയിലെ സംഭവം സർക്കാർ ഗൗരവമായി എടുത്തിട്ടുണ്ടെന്നും അവിടത്തെ സ്ഥിതിഗതികൾ താൻ വ്യക്തിപരമായി നിരീക്ഷിച്ചു വരികയാണെന്നും  ബ്രജേഷ് പഥക് പറഞ്ഞു.

എന്നാൽ ജനങ്ങളുടെ മരണത്തിന് കാരണം സംസ്ഥാന സർക്കാറിന്റെ അനാസ്ഥയാണെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. ' സർക്കാരിന്റെ അശ്രദ്ധ കാരണം യുപിയിലുടനീളമുള്ള നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. ജനങ്ങൾക്ക് ചൂടിനെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിൽ ഭരണകൂടം പരാജയപ്പെട്ടു. കഴിഞ്ഞ ആറ് വർഷത്തിനിടെ യുപിയിൽ ഒരു ജില്ലാ ആശുപത്രി പോലും നിർമ്മിച്ചിട്ടില്ല. കൃത്യസമയത്ത് ഭക്ഷണവും മരുന്നുകളും ചികിത്സയും ലഭിക്കാത്തതിനാലാണ് ദരിദ്രരായ കർഷകർക്ക് ജീവൻ നഷ്ടമായതെന്നും അഖിലേഷ് പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News