യു.പിയിൽ വിദ്യാർഥിനികളെ പീഡിപ്പിച്ച് ആർഎസ്എസുകാരനായ സ്കൂൾ പ്രിൻസിപ്പൽ; പ്രതിഷേധിച്ചതോടെ അറസ്റ്റ്; യോഗിക്ക് ചോര കൊണ്ട് കത്തെഴുതി ഇരകൾ
പൊലീസ് തങ്ങളെ ഭീഷണിപ്പെടുത്തുകയും കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം തടങ്കലിൽ വയ്ക്കുകയും ചെയ്തതായി വിദ്യാർഥിനികളും രക്ഷിതാക്കളും ആരോപിച്ചു.
ലഖ്നൗ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാവാത്ത സ്കൂൾ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച് പ്രിൻസിപ്പൽ. ഗാസിയാബാദിലെ ഒരു സ്കൂളിലെ പ്രിൻസിപ്പലായ ഡോ. രാജീവ് പാണ്ഡെയാണ് 12 മുതൽ 15 വയസ് വരെ പ്രായമുള്ള പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ പ്രിൻസിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ആർഎസ്എസുകാരൻ കൂടിയായ പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ഇരകളായ വിദ്യാർഥിനികൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ചോര കൊണ്ട് കത്തെഴുതി. പ്രിൻസിപ്പൽ രാജീവ് പാണ്ഡെ പെൺകുട്ടികളെ തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു എന്നാണ് പരാതി. പീഡനത്തെക്കുറിച്ച് ആദ്യം പറയാൻ ഭയമായിരുന്നുവെങ്കിലും ഒടുവിൽ വിദ്യാർഥിനികൾ മാതാപിതാക്കളോട് പറഞ്ഞു.
തുടർന്ന് വീട്ടുകാർ സ്‌കൂളിലെത്തി പ്രിൻസിപ്പലിനെ ചോദ്യം ചെയ്തെന്നും പെൺകുട്ടികൾ കത്തിൽ പറയുന്നു. തുടർന്ന് രക്ഷിതാക്കളും പാണ്ഡെയും തമ്മിൽ വാക്കേറ്റമുണ്ടായി. വിദ്യാർഥിനികളേയും അവരുടെ കുടുംബാംഗങ്ങളേയും പ്രിൻസിപ്പൽ അസഭ്യം പറഞ്ഞു. ഇതോടെ രക്ഷിതാക്കളുടെ സംഘം പ്രിൻസിപ്പലിനെ കൈയേറ്റം ചെയ്തു.
പിന്നാലെ, രക്ഷിതാക്കൾക്കെതിരെ പ്രിൻസിപ്പൽ പൊലീസിൽ എതിർപരാതി നൽകി. സ്കൂളിൽ അതിക്രമിച്ചു കടന്നെന്നും തന്നെ മർദിച്ചെന്നും ആരോപിച്ചായിരുന്നു പരാതി. പരാതികളിൽ, പൊലീസ് പ്രിൻസിപ്പലിനും രക്ഷിതാക്കൾക്കുമെതിരെ കേസുകൾ രജിസ്റ്റർ ചെയ്തു.
അതേസമയം, പൊലീസ് തങ്ങളെ ഭീഷണിപ്പെടുത്തുകയും കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം തടങ്കലിൽ വയ്ക്കുകയും ചെയ്തതായി വിദ്യാർഥിനികളും രക്ഷിതാക്കളും ആരോപിച്ചു. തങ്ങൾ നാല് മണിക്കൂർ നേരം പൊലീസ് സ്റ്റേഷനിൽ ഇരിക്കാൻ നിർബന്ധിതരായെന്ന് കത്തിൽ പറയുന്നു. പ്രിൻസിപ്പൽ ആർഎസ്എസ് പ്രവർത്തകൻ ആണെന്നും അതുകൊണ്ടാണ് നടപടിയെടുക്കാത്തതെന്നും മാതാപിതാക്കൾ പറഞ്ഞതായി കത്തിൽ പറയുന്നു.
'പ്രിൻസിപ്പൽ ഉപദ്രവിച്ച ഞങ്ങളെല്ലാവരും ഈ വിഷയം താങ്കളുമായി നേരിട്ട് ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നു. ഞങ്ങൾക്കും മാതാപിതാക്കൾക്കും നിങ്ങളെ കാണാൻ അനുമതി നൽകണമെന്ന് അഭ്യർഥിക്കുന്നു'- യോഗി ആദിത്യനാഥിന് അയച്ച കത്തിൽ വിദ്യാർഥിനികൾ പറയുന്നു. ഒടുവിൽ, സംഭവം വലിയ വിവാദമാവുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതിനെ തുടർന്നാണ് പ്രതിയായ പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായത്.
അതേസമയം, ഇനി ക്ലാസുകളിൽ കയറരുതെന്ന് സ്കൂൾ അധികൃതർ തങ്ങളോട് ആവശ്യപ്പെട്ടതായും പെൺകുട്ടികൾ പറയുന്നു. കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി സീനിയർ ഗാസിയാബാദ് പൊലീസ് ഓഫീസർ സലോനി അഗർവാൾ പറഞ്ഞു.