വാഹനത്തിന്റെ ഡാഷ്‌ബോഡില്‍ കുടുംബത്തിന്റെ ഫോട്ടോ വെക്കണം; നിര്‍ദ്ദേശവുമായി ഉത്തര്‍പ്രദേശ് ഗതാഗത വകുപ്പ്
ഡ്രൈവര്‍മാർ കുടുംബത്തിന്റെ ഫോട്ടോ കാണുമ്പോള്‍ കൂടുതല്‍ ശ്രദ്ധാലുക്കളാകുമെന്നും അതുവഴി റോഡപകടങ്ങള്‍ കുറക്കാന്‍ പറ്റുമെന്നുമാണ് ഗതാഗത വകുപ്പ് കരുതുന്നത്
ലക്‌നൗ: ഉത്തര്‍പ്രദേശ് ഗതാഗത വകുപ്പ് റോഡപകടങ്ങളുടെ എണ്ണം കുറയ്ക്കാന്‍ പുതിയ നിര്‍ദ്ദേശവുമായി രംഗത്തെത്തി. എല്ലാ വാണിജ്യ വാഹനങ്ങളുടെയും സംസ്ഥാനത്തെ ബസുകളുടെയും ഡ്രൈവര്‍മാരോട് തങ്ങളുടെ കുടുംബത്തിന്റെ ഫോട്ടോ ഡാഷ്ബോര്‍ഡില്‍ സൂക്ഷിക്കാന്‍ ഗതാഗത കമ്മീഷണര്‍ ചന്ദ്രഭൂഷണ്‍ സിംഗ് അഭ്യര്‍ത്ഥിച്ചു.
ഡ്രൈവര്‍മാർ കുടുംബത്തിന്റെ ഫോട്ടോ കാണുമ്പോള്‍ കൂടുതല്‍ ശ്രദ്ധാലുക്കളാകുമെന്നും അതുവഴി റോഡപകങ്ങള്‍ കുറക്കാന്‍ പറ്റുമെന്നുമാണ് കരുതുന്നത്. ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി എല്‍. വെങ്കിടേശ്വര്‍ ലു പറഞ്ഞു. ആന്ധ്രാപ്രദേശില്‍ നിന്നാണ് ഈ ആശയം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഈ നടപടി ആന്ധ്രാപ്രദേശിലെ റോഡപകടങ്ങള്‍ വിജയകരമായി കുറച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്കാര്യം ഉറപ്പുവരുത്താന്‍ ആര്‍.ടി.ഒമാര്‍ക്കും എ.ആര്‍.ടി.ഒമാര്‍ക്കും ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍മാര്‍ക്കും കത്തയച്ചു.
2022-ല്‍ 22,596 റോഡപടങ്ങളുണ്ടായിരുന്ന ഉത്തർപ്രദേശില്‍ 2023 ആയപ്പോഴേക്ക് അത് 23,652 ആയി ഉയര്‍ന്നു. റോഡപകടങ്ങളില്‍ 4.7 ശതമാനം വര്‍ധനവുണ്ടായതായാണ് റിപ്പോര്‍ട്ട്. ഇതിനെതുടര്‍ന്നാണ് ഗതാഗത വകുപ്പിന്റെ നടപടി. മൊബൈലില്‍ സംസാരിക്കുന്നതിലൂടെ സംസ്ഥാനത്ത് 10 ശതമാനം അപകടം നടന്നുവെന്നാണ് കണക്കുകള്‍.