2024ല്‍ യു.പി.എ 3 സാധ്യമാണ്; കൊടുക്കല്‍ വാങ്ങല്‍ വേണ്ടിവരുമെന്ന് കപില്‍ സിബല്‍

2024ലെ പോരാട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയല്ലെന്നും അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന പ്രത്യയശാസ്ത്രത്തിന് എതിരെയാണെന്നും കപില്‍ സിബല്‍

Update: 2023-06-19 02:43 GMT
Advertising

ഡല്‍ഹി: 2024ല്‍ യു.പി.എ 3 സര്‍ക്കാരിന് അധികാരത്തിലെത്താന്‍ കഴിയുമെന്ന് രാജ്യസഭാ എം.പി കപില്‍ സിബല്‍. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പൊതുവായ ലക്ഷ്യവും അത് പ്രതിഫലിപ്പിക്കുന്ന അജണ്ടയുമുണ്ടെങ്കില്‍ ബി.ജെ.പിയെ നേരിടാനാവും. സ്ഥാനാര്‍ഥികളെ നിര്‍ത്തുമ്പോള്‍ സഹകരണം വേണ്ടിവരുമെന്നും കപില്‍ സിബല്‍ പറഞ്ഞു.

പൊതു മിനിമം പരിപാടിക്ക് പകരം പ്രതിപക്ഷ പാർട്ടികൾ ഇന്ത്യയ്‌ക്കായുള്ള പുതിയ കാഴ്ചപ്പാടിനെ കുറിച്ച് സംസാരിക്കണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ വിജയം ബി.ജെ.പിയെ തോൽപ്പിക്കാന്‍ കഴിയുമെന്നതിന്‍റെ ഉദാഹരണമാണ്. 2024ലെ പോരാട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയല്ലെന്നും അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന പ്രത്യയശാസ്ത്രത്തിന് എതിരെയാണെന്നും കപില്‍ സിബല്‍ പറഞ്ഞു.

ബി.ജെ.പിക്കെതിരെ പൊതുസ്ഥാനാര്‍ഥികളെ നിര്‍ത്തുന്നത് പ്രായോഗികമാണോ എന്ന ചോദ്യത്തിന് കപില്‍ സിബലിന്‍റെ മറുപടിയിങ്ങനെ- "പല സംസ്ഥാനങ്ങളിലും ചില രാഷ്ട്രീയ പാർട്ടികൾക്ക് വ്യക്തമായ സ്വാധീനമുണ്ട്. രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഹരിയാന, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയുടെ എതിരാളികള്‍ കോണ്‍ഗ്രസാണ്. അവിടങ്ങളില്‍ സീറ്റ് പങ്കിടലില്‍ തര്‍ക്കത്തിന് സാധ്യതയില്ല. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. ഇവിടെ തര്‍ക്കമുണ്ടാവാന്‍ സാധ്യതയുള്ള കുറച്ച് മണ്ഡലങ്ങളെ ഉള്ളൂ. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസും ഡി.എം.കെയും തമ്മില്‍ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയില്ല. ഇതിന് മുന്‍പും യാതൊരു പ്രശ്നവുമില്ലാതെ ഒരുമിച്ച് മത്സരിച്ചിട്ടുള്ളതാണ്. തെലങ്കാനയിലും ആന്ധ്രയിലും ഐക്യസാധ്യത കുറവാണ്. ആന്ധ്രയില്‍ വൈ.എസ്.ആര്‍.സി.പി, കോണ്‍ഗ്രസ്, ടി.ഡി.പി എന്നിവര്‍ തമ്മില്‍ ത്രികോണ മത്സരമാണുള്ളത്. അതുകൊണ്ട് പ്രതിപക്ഷ സഖ്യം ഉണ്ടാകാന്‍ സാധ്യതയില്ല".

ഗോവയിൽ വീണ്ടും കോൺഗ്രസും ബി.ജെ.പിയും തമ്മിൽ നേരിട്ടുള്ള മത്സരമുണ്ടാകും. ഉത്തർപ്രദേശിൽ യഥാർത്ഥ പ്രതിപക്ഷത്തെ പ്രതിനിധീകരിക്കുന്നത് സമാജ്‌വാദി പാർട്ടിയാണ്. രാഷ്ട്രീയ ലോക്ദളും കോൺഗ്രസും പങ്കാളികളായിരിക്കും. ബിഹാറിൽ കോൺഗ്രസ് ശക്തമല്ല. അതുകൊണ്ടുതന്നെ ആ മുന്നണിയിൽ സീറ്റ് പങ്കിടലില്‍ പ്രശ്നമുണ്ടാവില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു.

കോണ്‍ഗ്രസിന്‍റെ കര്‍ണാടകയിലെ വിജയം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വലിയ പ്രതീക്ഷ നല്‍കിയിട്ടുണ്ടെന്ന് കപില്‍ സിബല്‍ പറഞ്ഞു. സീറ്റ് നിര്‍ണയത്തില്‍ കൊടുക്കലും വാങ്ങലും വേണ്ടിവരും. ജൂണ്‍ 23ന് പട്നയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം നടക്കാനിരിക്കെയാണ് കപില്‍ സിബലിന്‍റെ പ്രതികരണം. കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, തൃണമൂല്‍ അധ്യക്ഷ മമത ബാനർജി, ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‍രിവാൾ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News